
ഹൈദരാബാദ്: ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. മത-ജാതി ഭ്രാന്തും സമൂഹത്തിൽ ഭിന്നിപ്പും വളർത്തുന്നത് അഫ്‌ഗാനിസ്ഥാനിൽ സംഭവിക്കുന്നത് പോലെയുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ പുരോഗമന ചിന്താഗതിയുള്ളതും നിഷ്പക്ഷവുമായ ഒരു സർക്കാർ ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തിനും സംസ്ഥാനത്തിനും പുരോഗതി കൈവരിക്കാൻ കഴിയൂ എന്നും അദ്ദേഹം ചൂടിക്കാട്ടി. മഹബൂബാബാദിലും കോതഗുഡെമിലും സംയോജിത ജില്ലാ കലക്‌ട്രേറ്റ് ഉദ്ഘാടനം ചെയ്ത ശേഷം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കെ.സി.ആർ.
‘മത-ജാതി ഭ്രാന്ത് വളർത്തിയാൽ, അത് ആളുകളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുക. അത്തരം നയങ്ങൾ പിന്തുടർന്നാൽ അത് നരകതുല്യമാകും. ഇത് അഫ്ഗാനിസ്ഥാനിലെ പോലെ ഒരു താലിബാൻ പോലെയായി മാറുകയും ഭയാനകമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഈ വിദ്വേഷം കാരണം രാജ്യത്തിന്റെ ജീവനാഡി തന്നെ കത്തിനശിക്കുന്ന സാഹചര്യമുണ്ടാകും. യുവാക്കൾ ജാഗ്രത പാലിക്കണം’, കെ.സി.ആർ പറഞ്ഞു.
എല്ലാ പൗരന്മാരെയും ഒരുപോലെ പരിപാലിക്കുന്ന പാർട്ടിയും സർക്കാരും മഹത്തായ ഒന്നായിരിക്കുമെന്നും വർഗീയ, ജാതീയമായ രീതിയിൽ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന വിദ്വേഷം രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും റാവു ഭദ്രാദ്രി-കോതഗുഡെമിൽ പറഞ്ഞു. രാജ്യത്തിന് ജലത്തിന്റെയും വൈദ്യുതിയുടെയും വിപുലമായ സ്രോതസ്സുകളുണ്ടെങ്കിലും കേന്ദ്രത്തിന്റെ മോശം നയങ്ങൾ കാരണം അന്തർ സംസ്ഥാന ജല തർക്കങ്ങളും ജലക്ഷാമവും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments