അബുദാബി: അഫ്ഗാനിലെ സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ഉണ്ടായ സ്‌ഫോടനത്തെയാണ് യുഎഇ അപലപിച്ചത്.
ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ഇരയായവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നുവെന്ന് പ്രാർത്ഥിക്കുന്നതായും യുഎഇ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിൽ ചാവേറാക്രമണം നടന്നത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാബൂളിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപം പ്രാദേശിക സമയം നാല് മണിയോടെയാണ് സ്ഫോടനം നടന്നത്. ചൈനീസ് പ്രതിനിധി സംഘം താലിബാനുമായി ചർച്ച നടത്തുന്ന സമയത്താണ് സ്ഫോടനം നടന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടക വസ്തുക്കളുമായി വിദേശകാര്യ മന്ത്രാലയത്തിനുള്ളിൽ കടന്നു കയറാനായിരുന്നു ഭീകരൻ ശ്രമിച്ചത്. എന്നാൽ, ഈ ശ്രമം പരാജയപ്പെട്ടതോടെ അക്രമി അധികൃതരുടെ കൺമുന്നിൽ വെച്ച് പൊട്ടിത്തെറിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനം നടന്നതിന് പിന്നാലെ മേഖലയിലെ സുരക്ഷ വർദ്ധിപ്പിച്ചു.
Post Your Comments