തിരുവനന്തപുരം: കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്കൂൾ കലോത്സവത്തിൽ പഴയിടത്തിന്റെ പാചകം നടത്തിക്കില്ല, കനകദാസിന്റെ ഗാനം അനുവദിക്കില്ല എന്ന് പറയുന്ന സ്ഥിതിയിലേയ്‌ക്ക് കേരളം മാറിയിരിക്കുന്നു എന്ന് അദ്ദേഹം വിമര്‍ശിച്ചു.
പഴയിടം മോഹൻ നമ്പൂതിരിയും കലാകാരനായ കനകദാസും തങ്ങളുടെ ഭയം പരസ്യമായി മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ശത്രു രാജ്യത്തെ നേരിടാൻ ഇന്ത്യൻ പട്ടാളം സ്വീകരിക്കുന്ന സമീപനത്തെ കുറിച്ച് കേരളത്തിൽ മിണ്ടാൻ പാടില്ല എന്നാണ് സി.പി.എമ്മും കോൺഗ്രസും ലീഗും പറയുന്നത്. അതിന്റെ ഭാഗമായാണ് സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ചത് എന്ന് മുരളീധരൻ വ്യക്തമാക്കി.
‘കോഴിക്കോട് നടന്ന കലോത്സവത്തിലെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് വിവാദമാക്കിയത്. അതിൽ തലയിൽ കെട്ടു കയ്യിൽ തോക്കുമായി നടക്കുന്ന ഒരാളെ തീവ്രവാദിയായി ചിത്രീകരിച്ചു എന്നതിന്റെ പേരിലാണ് വിവാദം ഉണ്ടായിരിക്കുന്നത്. തലയിൽ കെട്ടും കയ്യിൽ തോക്കുമായി നടക്കുന്നത് ആരാണ്?. ഇന്ത്യയിലെയും കേരളത്തിലെയും മുസ്ലിംങ്ങളെയാണോ ഇത് സൂചിപ്പിക്കുന്നത്. ദൃശ്യാവിഷ്കാരത്തിനെതിരെ രംഗത്തു വന്ന മന്ത്രി മുഹമ്മദ് റിയാസും യുത്ത് ലീഗിന്റെ പ്രസിഡന്റുമൊക്കെ തലയിൽ കെട്ടും കയ്യിൽ തോക്കുമായാണോ നടക്കുന്നത്. അവരും മുസ്ലിംങ്ങളല്ലേ?. തലയിൽ കെട്ടും കയ്യിൽ തോക്കുമായി നടക്കുന്നത് താലിബാനും ഐഎസുമാണ്. സ്വാഗത ഗാനത്തിനെതിരെ രംഗത്ത് വരുന്നതിലൂടെ താലിബാന്റെയും ഐഎസിന്റെയും വക്താക്കളായി മാറാനാണോ റിയാസ് ശ്രമിക്കുന്നത്’- അദ്ദേഹം ചോദിച്ചു.
Post Your Comments