ദുബായ്: ദുബായ്- ഹത്ത റോഡിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു. ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള പരമാവധി വേഗതയായ മണിക്കൂറിൽ 100 കിലോമീറ്റർ എന്നുള്ളത് 80 കിലോമീറ്ററായി കുറച്ചു. വേഗത നിയന്ത്രണം പ്രാബല്യത്തിൽ വന്നതായും ആർടിഎ വ്യക്തമാക്കി.
ആറ് കിലോമീറ്റർ റോഡിലാണ് വേഗപരിധി കുറച്ചിരിക്കുന്നത്. 100 കിലോമീറ്റർ വേഗത നിജപ്പെടുത്തിക്കൊണ്ട് നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡുകൾ മാറ്റി 80 കിലോമീറ്റർ അടയാളപ്പെടുത്തിയ പുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ദുബായ് പോലീസ് ആസ്ഥാനവും ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും സംയുക്തമായാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുത്തിയത്.
ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാൻ കൂടി കണക്കിലെടുത്തുകൊണ്ടുള്ള പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ദുബായ് – ഹത്ത റോഡിന്റെ വികസന സാധ്യതകളും ഭാവിയിൽ ഈ പ്രദേശത്തുണ്ടാകാൻ സാധ്യതയുള്ള വാഹനപ്പെരുപ്പവും കൂടി ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ടാണ് അധികൃതർ തയ്യാറാക്കിയിട്ടുള്ളത്.
Post Your Comments