വരന്തരപ്പിള്ളി: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വൈവാഹിക സൈറ്റുകള്‍ വഴി വിവാഹാലോചന നടത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ. മലപ്പുറം മൊറയൂര്‍ ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസല്‍ (36) ആണ് അറസ്റ്റിലായത്. അമല്‍ എന്ന പേരില്‍ ആയിരുന്നു ഇയാൾ യുവതികളെ പ്രലോഭിപ്പിച്ചിരുന്നത്. വ്യാജ പേരിൽ പാസ്‌പോര്‍ട്ടും ആധാറും ഉണ്ടാക്കി, പൈലറ്റാണെന്ന് പറഞ്ഞായിരുന്നു ഫസൽ യുവതികളെ തന്റെ കെണിയിൽ വീഴ്ത്തിയിരുന്നത്.
അമൽ എന്ന പേരിൽ വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത്, ധനികരായ പെൺകുട്ടികളെ തേടിപ്പിടിച്ച് അവരുമായി വിവാഹാലോചനകള്‍ നടത്തിയായിരുന്നു ഇയാൾ തട്ടിപ്പ് സ്ഥിരമാർഗമാക്കിയിരുന്നത്. നിരവധി യുവതികളെ ചതിച്ച് പണം തട്ടിയെടുത്ത ഇയാൾ ഒടുവിൽ പിടിയിലാവുകയായിരുന്നു. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. യുവതിയിൽ നിന്ന് 1,10,000 രൂപ തട്ടിയെടുത്തിരുന്നു. തിരിച്ച് ചോദിക്കുമ്പോഴൊക്കെ ഉരുണ്ടു മാറുകയും, പിന്നീട് ഫോണിൽ കിട്ടാതാവുകയും ചെയ്തതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടർന്ന് ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.
എറണാകുളത്ത് പറവൂര്‍ സ്വദേശിനിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയതായും കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറയുന്നു. കൊല്ലം സൈബര്‍ പോലീസ് പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. അടുത്ത ദിവസങ്ങൾ ഇയാൾക്കെതിരെ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്ത് വരുമെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments