ഉറക്കത്തിൽ മരിച്ച് പോയ കുഞ്ഞിനെ കുറിച്ചുള്ള തിരുവനന്തപുരം സ്വദേശികളായ ബ്ലെസിയുടെയും സുനിലിന്റേയും തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഉടൻ പണം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് തുറന്നു പറഞ്ഞത്. കണ്ണീരോടെയല്ലാതെ അവരുടെ വാക്കുകൾ കേൾക്കാൻ കഴിയില്ല. ഞങ്ങളുടെ കല്യാണവും കുഞ്ഞിന്റെ ജനനവും മരണവും എല്ലാം ഫാന്‍സി ഡേറ്റിലായിരുന്നു എന്ന് പറഞ്ഞ് തുടങ്ങിയതോടെയാണ്, അതുവരെ ചിരിച്ചും കളിച്ചും മുന്നോട്ട് പോയ ഷോയുടെ നിറം മാറിയത്.
ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഫാന്‍സി ഡേറ്റില്‍ ആയിരുന്നു കല്യാണം, 11 – 11- 2017 ല്‍. ഇരുവർക്കും കുഞ്ഞ് ജനിച്ചത് 9- 9- 2019 ന്. കുഞ്ഞിന്റെ മരണവും ഫാന്‍സി ഡേറ്റിലായിരുന്നു, 12-2-2020!. കുഞ്ഞിനെ കുറിച്ച് ബ്ലെസിയും സുനിലും പറയുന്നതിങ്ങനെ,
‘അഞ്ച് മാസമേ കുഞ്ഞിന് പ്രായം ഉണ്ടായിരുന്നുള്ളൂ, ഉറക്കത്തില്‍ മരിച്ച് പോവുകയായിരുന്നു. അവന് മറ്റ് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അഞ്ച് മാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ എങ്കിലും വളരെ അധികം ആക്ടീവ് ആയിരുന്നു അവന്‍. എല്ലാത്തിനും റിയാക്ട് ചെയ്യുകയൊക്കെ ചെയ്യും. അന്ന് ഒരുമിച്ച് കളിച്ച് ചിരിച്ച് ഒരു മണിയൊക്കെ ആയപ്പോഴാണ് കിടന്നത്. ഞങ്ങളുടെ രണ്ട് പേരുടെയും നടുവിലാണ് അവന്‍ കിടക്കുന്നത്. ഒരു നാല് മണിയൊക്കെ ആവുമ്പോഴേക്കും അവനൊന്ന് ഉണര്‍ന്ന് കളിക്കുകയൊക്കെ ചെയ്യും. പക്ഷെ അന്നത്തെ ദിവസം ഒരു അനക്കവും ഉണ്ടായിരുന്നില്ല. ഞാന്‍ ഉറക്കി കിടത്തിയത് പോലെ തന്നെ, ഒന്ന് അനങ്ങുക പോലും ചെയ്യാതെ അവന്‍ ഉറങ്ങുകയായിരുന്നു. എടീ കുഞ്ഞ് അനങ്ങുന്നില്ല എന്ന് സുനില്‍ പറഞ്ഞപ്പോള്‍ തന്നെ എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി. അപ്പോഴേക്കും അവന്റെ ശരീരം എല്ലാം തണുത്തിരുന്നു.
അടുത്തുള്ള ഗവണ്‍മെന്റ് ഹോസ്പിറ്റലിലാണ് ആദ്യം പോയത്. അവിടെ വച്ച് മരിച്ചിട്ടില്ല, ഹൃദയമിടിപ്പ് ഉണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നെ സ്ട്രെക്ച്ചറിൽ കിടത്തി എന്റെ മുകളില്‍ അവനെ കിടത്തിയാണ് കൊണ്ടുപോയത്. അപ്പോള്‍ എനിക്ക് ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഓക്ടിജന്‍ മാസ്‌ക് എല്ലാം വച്ചിട്ടുണ്ട്. അവനൊന്നും സംഭവിക്കില്ല, ജീവനുണ്ടല്ലോ എന്നാണ് കരുതിയത്. പക്ഷെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരുപാട് ശ്രമിച്ചുവെങ്കിലും അവനെ ഞങ്ങള്‍ക്ക് കിട്ടിയില്ല. അവനില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. മൂന്ന് വര്‍ഷമായി. മോന്‍ പോയതിന് ശേഷം ഞാന്‍ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നു. അവിടെ നിന്ന് തന്നെ തിരിച്ചുകൊണ്ടു വന്നത് ഭര്‍ത്താവാണ്’, ബ്ലെസി പറയുന്നു.
Post Your Comments