
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടത് 828 പോലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിരിച്ചുവിട്ട പി.ആര്‍. സുനുവും ഇതില്‍ രണ്ടു കേസുകളില്‍ പ്രതിയായി പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തില്‍ ഗുരുതര കേസുകളില്‍പ്പെട്ടവരെ പിരിച്ചുവിടാനുള്ള നടപടികളാണ് ആരംഭിക്കുന്നത്. പോലീസിലെ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തേക്കാള്‍ കുറഞ്ഞ് വരികയാണെന്നാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
Read Also: നാദാപുരത്ത് ചെരുപ്പ് കടയിൽ വൻ തീപിടുത്തം : കണക്കാക്കുന്നത് 25 ലക്ഷത്തിന്‍റെ നഷ്ടം
കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീധന പീഡനം, പൊതു സ്ഥലത്തെ പരസ്യമദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കല്‍, സാധനം വാങ്ങാന്‍ കടയുടമകളെ ഭീഷണിപ്പെടുത്തല്‍, വീട്ടിലേക്കുള്ള വഴിയില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനു മര്‍ദനം, സാമ്പത്തിക തട്ടിപ്പ്, ക്വാറിയുമായി ബന്ധം തുടങ്ങി നിരവധി കേസുകളില്‍ പോലീസുകാര്‍ പ്രതികളാണ്.
ഏറ്റവുമധികം കുറ്റവാളികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 14 പേരെയാണ് ഇതുവരെ കോടതി ശിക്ഷിച്ചത്. 23 നിയമപാലകരാണ് പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. ഒരാള്‍ കൊലപാതകക്കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ 89 കേസുകളാണ് അന്വേഷണഘട്ടത്തിലുള്ളത്. 2016 മുതല്‍ ഇതുവരെ 13 പോലീസുകാരെയാണ് പിരിച്ചുവിട്ടത്. രേഖകളനുസരിച്ച് ഏകദേശം 60 പേരെങ്കിലും പിരിച്ചുവിടാവുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്.
ബലാത്സംഗം അടക്കമുള്ള കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍.സുനുവിനെ കഴിഞ്ഞ ദിവസമാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത് .തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നയാള്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നാണ് ഡി.ജി.പി.യുടെ ഉത്തരവില്‍ പറയുന്നത്. ബലാത്സംഗം അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളാണ് സുനുവിനെതിരേയുള്ളത്. ഇതില്‍ നാലെണ്ണം പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്.
Post Your Comments