മഞ്ചേരി: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപകഞ്ചേരി കറുകത്താണി കല്ലൻ വീട്ടിൽ ഇബ്രാഹിമിനെയാണ് (31) കോടതി ശിക്ഷിച്ചത്. മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. തിരൂർ എക്സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2021 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം.
Read Also : മോഷണം പോയ ഫോൺ 250 കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം യുവാവിന് തിരിച്ചു കിട്ടി: ത്രില്ലർ സിനിമ പോലെ ഒരു അനുഭവം
പ്രതി താമസിച്ചിരുന്ന തിരൂർ തങ്ങൾസ് റോഡിലുള്ള ക്വാർട്ടേഴ്സ്, പുറത്ത് നിർത്തിയിട്ടിരുന്ന പ്രതിയുടെ കാർ എന്നിവയിൽ നിന്നായി 51.5 കിലോ കഞ്ചാവ് പിടിച്ചെടുത്തെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലവനായ അനികുമാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറായിരുന്ന ഒ. സജിതയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി. സുമേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതി റിമാൻഡിലിരിക്കെത്തന്നെ കുറ്റപത്രം സമർപ്പിച്ച കേസിൽ രണ്ടുവർഷമായി ഇയാൾ റിമാൻഡിലാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൽ സത്താർ തലാപ്പിൽ ഹാജരായി.
Post Your Comments