
തിരുവനന്തപുരം: വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല ഗവണ്‍മെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയും ജയകൃഷ്ണൻ, രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളുമായ ആര്യ കൃഷ്ണയെയാണ് കിടപ്പ് മുറിയിൽ (16) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂത്ത സഹോദരന്‍ ആണ് വീട്ടിലെ കിടപ്പ് മുറിയിൽ കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ആര്യ കൃഷ്ണയ്ക്ക് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. പഠിക്കാൻ മിടുക്കിയായ ആര്യ കൃഷ്ണയ്ക്ക് ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറവായിരുന്നുവെന്നും ഇതിന്‍റെ വിഷമത്തിലാണ് കുട്ടി വീട്ടിലേക്ക് പോയതെന്നുമാണ് അധ്യാപകരിൽ നിന്നും പിടിഎ അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
കുട്ടിയുടെ മാതാപിതാക്കൾ പഴയചന്ത ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്നവരാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകീട്ട് സ്കൂളിൽ നിന്നും ആര്യ കൃഷ്ണ അച്ഛന്‍റെ കടയിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന്, 5.30 ഓടെ കുട്ടിയുടെ മൂത്ത സഹോദരൻ ആര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി, പിന്നീട് സഹോദരൻ തിരികെ കടയിലേക്ക് തന്നെ തിരിച്ച് പോയി. ആറ് മണിയോടെ സ്കൂള്‍ വിട്ട് വന്ന രണ്ടാമത്തെ അനുജത്തിയുമായി സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറി പൂട്ടിയ നിലയിൽ കണ്ടത്.
തുടർന്ന്, സമീപത്തെ ചെറിയ ചായ്പ്പ് വഴി കിടപ്പ് മുറിയിൽ എത്തിയ സഹോദരൻ ആര്യ കൃഷ്ണയെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടത്. ഈ സമയം ഫാനിലെ കെട്ട് അഴിഞ്ഞ് കുട്ടി, സഹോദരന്‍റെ മുന്നിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ കുട്ടികള്‍ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കളെത്തി കുട്ടിയെ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർക്കല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments