എറണാകുളം: മാതാപിതാക്കളെ സഹായിക്കാനായി വഴിയോരത്ത് പേനയും മറ്റും വില്‍പന നടത്തിയ കുട്ടികളെ പിടികൂടി ശിശുഭവനിലാക്കിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. നവംബർ 29 മുതൽ എറണാകുളം പള്ളുരുത്തിയിലെ ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന ആൺകുട്ടികളെ കോടതി ഇടപെട്ട് മോചിപ്പിച്ചു. ശിശുഭവനിലാക്കിയ ഉത്തരേന്ത്യൻ സ്വദേശികളായ ഏഴും ആറും വയസ്സുള്ള ആൺകുട്ടികളെയാണ് രക്ഷിതാക്കളോടൊപ്പം വിട്ടയക്കാൻ ഉത്തരവായത്.
മാലയും വളയും വിറ്റ് ജീവിക്കുന്ന ഡൽഹി സ്വദേശികളുടെ മക്കളായ ഇവരെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പോലീസാണ് പിടികൂടിയത്. മാതാപിതാക്കളെ സഹായിക്കാനായി റോഡിൽ പേനയും മറ്റും വിൽക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് വി.ജി അരുൺ ചോദിച്ചു.
അഭിഭാഷകനായ മൃണാളിന്റെ സഹായത്തോടെയാണ് രക്ഷിതാക്കൾ ഹൈക്കോടതിയിലെത്തിയത്. കുട്ടികൾ ഹർജിക്കാരുടേതു തന്നെയോ എന്നതടക്കമുള്ള സംശയമാണ് ശിശുക്ഷേമ സമിതിയടക്കം ഉന്നയിച്ചത്. ഹർജിക്കാരെയും ഇവർക്ക് താമസിക്കാൻ ലോഡ്ജ് വാടകയ്‌ക്ക് നൽകിയ ആളെയും കോടതിയിൽ നേരിട്ട് ഹാജരാക്കിയാണ് ഈ വാദത്തെ ചെറുത്തത്. രക്ഷിതാക്കൾ ഷെൽട്ടർ ഹോമിലെത്തിയെങ്കിലും കുട്ടികളെ കാണിക്കാൻ പോലും തയ്യറായിരുന്നില്ലെന്നുമുള്ള പരാതി ഉയരുന്നുണ്ട്. രക്ഷിതാക്കൾക്ക് ഭാഷ അറിയാത്തത് വെല്ലുവിളിയായിരുന്നതായി അഭിഭാഷകൻ പറഞ്ഞു. കുട്ടികൾ ശരിയായരീതിയിൽ വളരാൻ അവരുടെ സംസ്‌കാരത്തിനനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും അതിനാൽ ഡൽഹിയിലെ ശിശുക്ഷേമസമിതിക്ക് കൈമാറാൻ തീരുമാനിച്ചതായുമാണ് ശിശുക്ഷേമസമിതി അറിയിച്ചത്. ഇതിന് പിന്നാലെയാണ് കുട്ടികളെ മോചിപ്പിക്കാൻ കോടതി നിർദേശിച്ചത്.
Post Your Comments