ഡൽഹി: ബഫർ സോൺ വിഷയത്തിൽ ഇളവ് തേടി കേരളം സുപ്രീംകോടതിയിൽ. വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടിയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നത്. കേന്ദ്രസർക്കാർ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രിംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്‌തു. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ സ്ഥലങ്ങളിലെ ജനവാസമേഖലകളിൽ ഇളവ് അനുവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയെ പിന്തുണച്ചാണ് കേരളവും അപേക്ഷ നൽകിയിരിക്കുന്നത്.
കേരളത്തിലെ ആറ് ദേശീയോദ്യാനങ്ങളുടെയും 17 വന്യജീവി സങ്കേതങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇവയിൽ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതിന് പുറമെ പെരിയാര്‍ ദേശീയോദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.
Post Your Comments