Latest NewsKeralaNews

‘ജാതി പറഞ്ഞ് ഒരുവനെ മാറ്റിനിർത്താൻ ശ്രമിക്കുന്നതിനെ പറയുന്നത് അയിത്തം എന്നുതന്നെയല്ലേ?’: ശ്രീജിത്ത് പണിക്കർ

ഇനിമുതൽ കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കലോത്സവത്തിലെ പാചകം മോശമായതിനെ തുടർന്നോ കലവറ ശുചിയല്ലാതായതിനെ തുടർന്നോ അല്ല പഴയിടത്തിന് നേരെ വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായതെന്നും, സവർണ്ണ ജാതിക്കാരനായ ബ്രാഹ്മണൻ എന്നതായിരുന്നു ഇക്കൂട്ടർ കണ്ട കുഴപ്പമെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

തന്റെ തൊഴിൽ യാതൊരു കുറവും കൂടാതെ കൃത്യമായി ചെയ്ത്, നല്ല പേര് സമ്പാദിച്ച ഒരാളിൽ യാതൊരു കുറ്റവും കാണാൻ കഴിയാഞ്ഞപ്പോൾ, ജാതി പറഞ്ഞ് അദ്ദേഹത്തിന്റെ തൊഴിൽ ഇല്ലാതാക്കാനാണ്, അദ്ദേഹത്തെ ഒഴിവാക്കാനാണ് അവർ ശ്രമിച്ചതെന്ന് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടുന്നു. ജാതി പറഞ്ഞ് ഒരുവനെ മാറ്റിനിർത്താൻ ശ്രമിക്കുന്നതിന് ഇന്നാട്ടിൽ ഇപ്പോഴും പറയുന്നത് അയിത്തം എന്നുതന്നെയല്ലേ? വർണ്ണവിവേചനം എന്നുതന്നെയല്ലേ? തൊട്ടുകൂടായ്മ എന്നുതന്നെയല്ലേ? എന്നും അദ്ദേഹം ചോദിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്;

കലോത്സവ പാചകവിവാദം കൊഴുക്കുന്നതിനിടെ നിങ്ങൾ ഒരു കാര്യം ചിന്തിച്ചോ?
പഴയിടം നമ്പൂതിരിയിൽ സത്യത്തിൽ അവർ കണ്ടുപിടിച്ച കുറ്റം എന്തായിരുന്നു?
പാചകം മോശമായിരുന്നു എന്നതായിരുന്നോ അത്?
അല്ല, അത്തരം ഒരു ആരോപണം അദ്ദേഹം കേൾപ്പിച്ചിട്ടില്ല.
കലവറ ശുചിയായിരുന്നില്ല എന്നതായിരുന്നോ അത്?
അല്ല, അത്തരം ഒരു ആരോപണവും അദ്ദേഹം കേൾപ്പിച്ചിട്ടില്ല.
മാംസാഹാരം തയ്യാറാക്കില്ല എന്നതായിരുന്നോ അത്?
അല്ല, പഴയിടം മാംസാഹാരവും തയ്യാറാക്കും. കായികമേളയിൽ വിളമ്പുകയും ചെയ്യാറുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണത്തിലോ സമയത്തിലോ ക്ലിപ്തത ഇല്ലാത്തതിനാൽ ഉണ്ടാകാവുന്ന പ്രായോഗിക, ആരോഗ്യപരമായ ബുദ്ധിമുട്ടിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
പിന്നെ എന്തായിരുന്നു അദ്ദേഹത്തിന്റെ കുറ്റം?
ജാതി! സവർണ്ണ ജാതിക്കാരനായ ബ്രാഹ്മണൻ എന്നതായിരുന്നു അദ്ദേഹത്തിൽ അവർ കണ്ട കുറ്റം.
അതുവഴി അവർ എന്താണ് ചെയ്യാൻ ശ്രമിച്ചത്?
തന്റെ തൊഴിൽ യാതൊരു കുറവും കൂടാതെ കൃത്യമായി ചെയ്ത്, നല്ല പേര് സമ്പാദിച്ച ഒരാളിൽ യാതൊരു കുറ്റവും കാണാൻ കഴിയാഞ്ഞപ്പോൾ, ജാതി പറഞ്ഞ് അദ്ദേഹത്തിന്റെ തൊഴിൽ ഇല്ലാതാക്കാനാണ്, അദ്ദേഹത്തെ ഒഴിവാക്കാനാണ് അവർ ശ്രമിച്ചത്.
ജാതി പറഞ്ഞ് ഒരുവനെ മാറ്റിനിർത്താൻ ശ്രമിക്കുന്നതിന് ഇന്നാട്ടിൽ ഇപ്പോഴും പറയുന്നത് അയിത്തം എന്നുതന്നെയല്ലേ? വർണ്ണവിവേചനം എന്നുതന്നെയല്ലേ? തൊട്ടുകൂടായ്മ എന്നുതന്നെയല്ലേ?
ഭയപ്പെടേണ്ടത്, അട്ടിമറി ഉണ്ടാകാതിരിക്കാൻ ഉറക്കമിളച്ച് കുട്ടികളുടെ ഭക്ഷണപ്പുരയ്ക്ക് കാവലിരുന്ന പഴയിടത്തെയല്ല, പഞ്ചസാരയിൽ പൊതിഞ്ഞ് അയിത്തം വച്ചുനീട്ടുന്ന രാക്ഷസരെയാണ്.
അല്ലെങ്കിലും നിങ്ങൾക്ക് ഒരാൾക്ക് തൊഴിൽ കൊടുക്കാൻ അറിയില്ലല്ലോ; പണി കൊടുക്കാൻ മാത്രമല്ലേ അറിയൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button