കൊച്ചി: കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ’, എന്ന് ഗീവര്‍ഗീസ് കൂറിലോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഗീവര്‍ഗീസ് കൂറിലോസിന്റെ കുറിപ്പിനോട് പ്രതികരിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ‘ഭക്ഷണത്തിൽ ജാതിയും മതവും വർഗ്ഗവും വർണ്ണവും ഒന്നും വേണ്ടാ തിരുമേനി… വിശപ്പല്ലേ, അതിനു .. അന്നത്തിനു അതുണ്ടാക്കുന്നവന്റെ മനസ്സ് മാത്രം മതി’ എന്ന പ്രതികരണത്തോട് ‘നമ്പൂതിരി അച്ചാറും ബ്രാഹ്മിൻസ് പുട്ടുപൊടിയും ഉള്ള ഇടത്തു ആരാണ് ഭക്ഷണത്തിൽ ജാതി കലർത്തുന്നത്?’ എന്ന് ഗീവര്‍ഗീസ് കൂറിലോസ് ചോദിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ ചുമതല പഴയിടം മോഹനന്‍ നമ്പൂതിരി ഭംഗിയായി നിര്‍വ്വഹിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പഴയിടം ഭക്ഷണം തയ്യാറാക്കിയത് ഗവണ്‍മെന്റ് വിളിച്ച ടെന്റര്‍ വഴിയാണ്. ചിലര്‍ അനാവശ്യ വിമര്‍ശനം അഴിച്ചുവിട്ടു. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത് എന്നും ശിവന്‍കുട്ടി പറഞ്ഞു. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണെന്നും പങ്കെടുത്ത കുട്ടികൾക്ക് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments