ആലപ്പുഴ: സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച സി.പി.എം. നേതാവിനെതിരെ പാർട്ടി നടപടി. ഏരിയ കമ്മിറ്റിയംഗമായ നേതാവിനെ കുതിരപ്പന്തി മേഖലാ തിരഞ്ഞെടുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നുനീക്കി. മറ്റൊരു ഏരിയ കമ്മിറ്റിയംഗമായ സനൽകുമാറിനാണ് കുതിരപ്പന്തി മേഖലാ തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ പകരം ചുമതല. ഇതു വിശദീകരിക്കാൻ കുതിരപ്പന്തി ലോക്കൽ കമ്മിറ്റിയോഗം തിങ്കളാഴ്ച ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി ഓഫീസിൽ ചേരും.
നേതാവിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവരാത്തതിനാൽ പാർട്ടി പദവിയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെങ്കിലും ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയിട്ടുണ്ട്. പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാർ പിടിച്ചെടുത്ത മൊബൈലിൽനിന്നാണ് നേതാവ് സൂക്ഷിച്ച ചിത്രങ്ങൾ കണ്ടെടുത്തത്.
ഇത് പാർട്ടി സംസ്ഥാന കമ്മിറ്റിക്കുമുമ്പാകെ പരാതിയായി എത്തിയതിനെത്തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രനും ജി. രാജമ്മയും ഉൾപ്പെടുന്ന കമ്മിഷൻ അന്വേഷണം നടത്തിവരുകയാണ്. തിരുവനന്തപുരത്തുനടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കുന്ന രാജമ്മ തിരിച്ചുവന്നാലുടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാനേതൃത്വം തുടർനടപടി സ്വീകരിക്കും.
Post Your Comments