രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവരാണ് മിക്കവരും. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ? മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനറോ വേണം. മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. ചൂടുകാലത്ത് വിയര്‍പ്പു കൂടും. വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്.
രാത്രി മുഴുവന്‍ ഫാനിട്ടുറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം:
ഫാനിന്റെ ലീഫുകള്‍ പൊടിയും ചിലന്തി വലകളും ഒക്കെ പറ്റിപ്പിടിച്ചിരിക്കാനുള്ള സുരക്ഷിത സ്ഥലമാണ്. അതിനാല്‍ ഫാനിന്റെ ലീഫിന്റെ ഇരു വശവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. ഫാനുകളുടെ കൊളുത്തും നട്ടും ബോള്‍ട്ടും സ്‌ക്രൂവുമൊക്കെ സുരക്ഷിതമാണോ എന്നും ഇടയ്ക്കിടെ കൃത്യമായി പരിശോധിക്കണം. രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം.
Read Also : സോളാർ വൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി കേരള പ്ലാന്റേഷൻ കോർപ്പറേഷൻ
നഗ്‌ന ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ഇത്തരക്കാര്‍ക്ക് ഉറക്കം ഉണരുമ്പോള്‍ കടുത്ത ശരീര വേദനയും ഉണ്ടാകും. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും കിടക്കുന്ന സമയത്തും അല്ലാത്തപ്പോഴും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം.
മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നല്ലത്. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍, ചാക്കുകെട്ടുകള്‍, ബോക്സുകള്‍ എന്നിവയൊന്നും വാരിക്കൂട്ടിയിടരുത്. അതില്‍ നിന്ന് പൊടിപറന്ന് അലര്‍ജിയുണ്ടാക്കിയേക്കും. കൊതുകിനെ ഓടിക്കാനാണ് ചിലര്‍ അമിത വേഗതയില്‍ ഫാനിടുന്നത്. എന്നാല്‍, ഫാനുകള്‍ കൊണ്ട് കൊതുകിനെ തുരത്താമെന്ന് കരുതേണ്ട. കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുകു വല തന്നെയാണ് ഉപയോഗിക്കേണ്ടത്.
പെഡസ്റ്റ്യല്‍ ഫാനിനേക്കാള്‍ മുറിയില്‍ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ്. ശരീരം മുഴുവന്‍ മൂടും വിധം വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍.
Post Your Comments