KeralaLatest NewsNews

വിദേശ സർവകലാശാലകൾക്ക് ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകാൻ യുജിസി പുറപ്പെടുവിച്ച കരട് മാർഗനിർദേശങ്ങൾ പിൻവലിക്കണം: സിപിഎം

തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രാജ്യത്ത് ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകാനായി യുജിസി പുറപ്പെടുവിച്ച കരട് മാർഗനിർദേശങ്ങളെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം. അപേക്ഷിച്ച് 90 ദിവസത്തിനകം അംഗീകാരം കിട്ടുന്ന സ്ഥാപനങ്ങൾക്ക് ഫീസ് നിർണയിക്കാനും അധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം ലഭിക്കുന്ന വിധത്തിലാണ് കരട് നിർദേശങ്ങൾ. കനത്ത ഫീസുള്ള വരേണ്യവർഗ സ്ഥാപനങ്ങൾ രൂപംകൊള്ളാനും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഘടന കൂടുതൽ ദുഷിക്കാനും ഇത് വഴിയൊരുക്കുമെന്ന് സിപിഎം വ്യക്തമാക്കി.

രാജ്യത്തെയും വിദേശത്തെയും വിദ്യാർത്ഥികളുടെ പ്രവേശനത്തിന് സ്വന്തം മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ഈ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനാണ് നിർദേശം. ഫീസിന് പരിധിയൊന്നും വ്യവസ്ഥ ചെയ്യുന്നില്ല. രാജ്യാന്തര അതിർത്തി കടന്നുള്ള ഫണ്ടുകൾ, വിദേശ കറൻസി അക്കൗണ്ടുകൾ, പണമിടപാട് രീതികൾ, പണം അയക്കൽ, വരവ് എന്നിവയ്ക്കും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനം ഇടയാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ അധികൃതരുടെയും ഇത്തരം നയങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിലെ പരമാധികാരം അട്ടിമറിക്കും. നേരത്തെ ഇന്ത്യൻ കോർപറേറ്റുകൾക്ക് ഇത്തരം വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകുകയും അവയ്ക്ക് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ പദവി ചാർത്തിക്കൊടുക്കുകയും ചെയ്തു. ഇതിന്റെ തുടർ സംഭവങ്ങൾ പൊതുമണ്ഡലത്തിൽ വന്നിട്ടില്ല. പുതിയ വിദ്യാഭ്യാസ നയവും കോവിഡിനെ തുടർന്നുള്ള അതിരുവിട്ട ഓൺലൈൻ അധ്യയനവും ചേർന്ന് തലതിരിഞ്ഞ നിലയിലാണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം. കോളേജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിദ്യാർഥികൾ വൻതോതിൽ കൊഴിഞ്ഞുപോകുന്നുവെന്ന് എല്ലാ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. സാമ്പത്തിക, സാമൂഹിക അസമത്വം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് രാജ്യം നേരിടുന്ന വെല്ലുവിളികൾ തരണംചെയ്യാൻ നിർദ്ദിഷ്ട നീക്കം പര്യാപ്തമല്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

കരട് നിർദേശങ്ങൾ പിൻവലിക്കണം. വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ സംഘടനകളുമായും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരുമായും ചർച്ച നടത്താൻ സർക്കാരും യുജിസിയും തയ്യാറാകണം. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ യുജിസി ഏകപക്ഷീയമായി നീങ്ങരുത്. യുജിസിയുടെ ഏകപക്ഷീയ നടപടിക്കെതിരെ എല്ലാ ജനാധിപത്യ, ദേശാഭിമാന ശക്തികളും രംഗത്തുവരണമെന്നും സിപിഎം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button