Latest NewsIndiaNews

എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ

ന്യൂഡല്‍ഹി: എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബെംഗളൂരുവിലെ സഞ്ജയ് നഗറില്‍നിന്നാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരിയുടെ വീട് വൈറ്റ് ഫീൽഡിലാണ്. ഇവിടം കേന്ദ്രീകരിച്ച് ബംഗളുരു പൊലീസും ഡെല്‍ഹി പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. തെരച്ചിൽ തുടങ്ങിയതറിഞ്ഞ് ഇയാൾ സഹോദരിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. സഞ്ജയ് നഗറിലെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയെ ഉച്ചക്ക് രണ്ട് മണിയോടെ പട്യാല കോടതിയിൽ ഹാജരാക്കും.

ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.

അതേസമയം, പ്രതി ശങ്കർ മിശ്ര മദ്യപിച്ചിരുന്നതായി സഹയാത്രികന്റെ വെളിപ്പെടുത്തൽ. താൻ പ്രശ്നത്തിലായെന്ന് മിശ്ര പറഞ്ഞതായി ഒപ്പം യാത്ര ചെയ്ത ഡോക്ടർ മൊഴി നൽകി. നാല് ഗ്ലാസ് മദ്യം മിശ്ര കഴിച്ചെന്നും സഹയാത്രികൻ പറഞ്ഞു. വിമാനക്കമ്പനി അതിക്രമത്തിന്റെ വിവരങ്ങൾ ഡിജിസിഎക്ക് കൈമാറിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എയർ ഇന്ത്യയിലെ എട്ടു ജീവനക്കാരുടെ മൊഴി ഇന്നെടുക്കും.

ഇതിനിടെ എയര്‍ ഇന്ത്യ വിമാനത്തിലെ മോശം പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനകമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. അനുര‍ഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മോശമായി പെരുമാറുന്നയാളെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നിയമനടപടിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button