കുമളി: കുമളി ടൗണിൽ പരിഭ്രാന്തി പരത്തിയ വിദേശ വിനോദസഞ്ചാരി പൊലീസ് പിടിയിൽ. അമേരിക്കൻ സ്വദേശി റിച്ചാർഡ് അലൻ വുഡ്റിങ്ങാണ് പൊലീസ് പിടിയിലായത്.
തേക്കടി കാണാനെത്തിയ റിച്ചാർഡ് കുമളിയിലെ ഹോംസ്റ്റേയിൽ ആണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ടൗണിലെത്തിയ റിച്ചാർഡ് കൈവശമുണ്ടായിരുന്ന ബാഗിലെ സാധനങ്ങളും പണവും പലഭാഗത്തേക്ക് വലിച്ചെറിയുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തു. വിദേശ വിനോദസഞ്ചാരി നിലവിട്ട് പെരുമാറിയത് നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി.
കഴിഞ്ഞ നവംബർ 17-ന് ടൂറിസ്റ്റ് വിസയിൽ ഡൽഹിയിൽ വന്ന റിച്ചാർഡ് ഈമാസം ഒന്നിനാണ് കുമളി റോസാപ്പൂക്കണ്ടത്തെ ഹോംസ്റ്റേയിൽ താമസത്തിനെത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസമായി പകലും രാത്രിയും ടൗണിലൂടെ സംസാരിച്ചുകൊണ്ട് നടക്കുന്ന റിച്ചാർഡിനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത റിച്ചാർഡിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തൃശൂരിലേക്ക് ചികിത്സക്ക് അയക്കുകയായിരുന്നു. ഇദ്ദേഹം അപസ്മാരത്തിനുള്ള മരുന്നുകൾ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments