ചാത്തന്നൂർ: ക്ഷേത്രോത്സവം കാണാൻ പോയി തിരികെ വന്ന യുവാവിനെ കുപ്പികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചാത്തന്നൂർ കോയിപ്പാട് രാജീവ് ഗാന്ധി കോളനി രാഹുൽ ഭവനിൽ മമ്മു സലി എന്ന വിഷ്ണു (31) ആണ് പിടിയിലായത്. ചാത്തന്നൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കാരംകോട് പ്രസാദ് ഭവനിൽ അനൂപിനെയാണ് (28) വിഷ്ണുവും സംഘവും കൊലപ്പെടുത്താൻ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് കേസിനാസ്പദമായ സംഭവം. അനൂപും കൂട്ടുകാരും ഉളിയനാട് അപ്പൂപ്പൻ കാവിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പ്രതി അനൂപിനെ കിണറുമുക്കിന് സമീപത്തെ കല്ലുമലയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അസഭ്യം വിളിച്ച് കൈയിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് തലയിൽ ആഞ്ഞടിക്കുകയായിരുന്നു. അനൂപ് ഒഴിഞ്ഞുമാറിയതിനാൽ തലയുടെ ഇടതുഭാഗത്താണ് മുറിവേറ്റത്.
വിഷ്ണുവിനെതിരെ നേരത്തേ അനൂപിന്റെ സഹോദരൻ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്നാണ് നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments