തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഉയർത്തിയ ധനവകുപ്പിന്റെ അനുമതിയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നു സഖാവ് ചെയ്യുന്ന നിസ്തുല സേവനം പരിഗണിക്കുമ്പോൾ ഒരു ലക്ഷം തീരെ അപര്യാപ്തമാണെന്നും ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നുവെന്നും ജയശങ്കർ പരിഹസിക്കുന്നു.
‘സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ ചിന്ത ജെറോമിൻ്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്നു ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി. 75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ 37.50 ലക്ഷം രൂപ റൊക്കം പണമായി നൽകി. ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചു എങ്കിലും സജി ചെറിയാൻ രാജിവച്ച ഒഴിവിൽ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്കരണം നടത്തുകയായിരുന്നുവത്രേ’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയിൽ നിന്നു 1 ലക്ഷം രൂപയായി ഉയർത്തുന്നതിനായുള്ള അനുമതി കഴിഞ്ഞ മാസമാണ് ധനവകുപ്പ് നൽകിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നാണ് ചിന്തയുടെ ശമ്പളം കൂട്ടിയതെന്നാണ് റിപ്പോർട്ട്. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ആയത്. 2016 ഒക്ടോബർ മുതൽ 1 ലക്ഷം രൂപ ശമ്പളം ലഭിക്കണമെന്ന ചിന്ത ജെറോമിന്റെ ആവശ്യം രണ്ട് പ്രാവശ്യം ധനവകുപ്പ് തള്ളിയിരുന്നു. എന്നാൽ, മുഹമ്മദ് റിയാസിന്റെ സമ്മർദ്ദത്തെ തുടർന്ന് ശമ്പളം ഒരു ലക്ഷം ആക്കാൻ ധനവകുപ്പ് അനുമതി നൽകുകയായിരുന്നു. 2016 ഒക്ടോബർ മുതൽ ശമ്പളം ഒരു ലക്ഷം നൽകാമെന്നാണ് പുതിയ തീരുമാനം. ഇതോടെ, ശമ്പള കുടിശ്ശിക ഇനത്തിൽ ചിന്തയ്ക്ക് 37 ലക്ഷം രൂപ കിട്ടിയേക്കും.
അതേസമയം, സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന കൊണ്ട് 2021 ജനുവരി വരെ ശമ്പളയിനത്തിൽ ചിന്ത കെെപ്പറ്റിയത് 37 ലക്ഷത്തില്‍ അധികം രൂപയായിരുന്നു. ഇതിന്റെ വിവരാവകാശ രേഖ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. 2016ല്‍ സ്ഥാനമേറ്റത് മുതല്‍ ശമ്പളയിനത്തിൽ മാത്രം 37,27,200 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ട്രാവല്‍ അലവന്‍സ് ഇനത്തില്‍ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്.
Post Your Comments