KeralaLatest NewsNews

ഒന്നിനും തികയുന്നില്ല, 26 ലക്ഷം ചോദിച്ച് ചിന്ത – ഖജനാവ് കാലിയെന്ന് പറഞ്ഞ സർക്കാർ നൽകിയത് 18 ലക്ഷം !

തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം ആവശ്യപ്പെട്ട തുകയിൽ പകുതിയിലധികം നൽകിയ ധനകാര്യ വകുപ്പിന്റെ നടപടിക്കെതിരെ വിമർശനം. യുവജന കമ്മീഷനിലെ ജീവനക്കാർക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ പണം തികയുന്നില്ലെന്നും, ഇനിയും വേണമെന്നും ആവശ്യപ്പെട്ട് ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തെഴുതിയിരുന്നു. 26 ലക്ഷം കൂടി വേണമെന്നായിരുന്നു ചിന്ത ഉന്നയിച്ച ആവശ്യം. ഇതിൽ 18 ലക്ഷം രൂപയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. ഇതാണ് വിവാദമായിരിക്കുന്നത്.

അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷവും ചിന്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ തുക ധനകാര്യ വകുപ്പ് അനുവദിച്ചില്ല. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്നും, ഖജനാവ് ഏകദേശം തീർന്നിരിക്കുന്ന അവസ്ഥയാണെന്നും ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെ, യുവജന കമ്മീഷന്റെ ആവശ്യം അംഗീകരിച്ചത് കെ.എസ്.ആർ.ടി.സി അടക്കമുള്ള മേഖലകളോട് കാണിക്കുന്ന അവഗണന അല്ലെ എന്ന ചോദ്യവും ഉയരുന്നു.

ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, ആർജിതാവധി സറണ്ടർ, പ്രൊവിഡന്റ് ഫണ്ട് ലോൺ, യാത്രാബത്ത എന്നിവ നൽകാനാണ് തുക ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റിൽ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാൽ ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്. ചിന്തയുടെ ശമ്പള കുടിശിക ഇനത്തിൽ 8.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതടക്കം 26 ലക്ഷം രൂപയാണ് സർക്കാരിനോട് ചോദിച്ചത്. ഇതിൽ 18 ലക്ഷം രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനത്തിൽ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സർക്കാർ നൽകിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യച്ചെലവുകൾക്ക് പോലും പണമില്ലാത്ത സ്ഥിതിയാണ്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകൾ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് യുവജന കമ്മീഷൻ പണമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. 2016 ഒക്ടോബറിൽ അധികാരമേറ്റ ചിന്തയ്ക്ക് 50,000 രൂപയാണു ശമ്പളമായി നിശ്ചയിച്ചത്. 2018 മേയിൽ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തി. 2016 ഒക്ടോബർ മുതൽ 2018 മേയ് വരെ വാങ്ങിയ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷമാക്കി കുടിശിക അനുവദിക്കണമെന്ന് ചിന്ത ആവശ്യപ്പെട്ടു. 2017 ജനുവരി മുതൽ ചിന്തയുടെ ശമ്പളം ഒരു ലക്ഷമാക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. കുടിശികയായ 8.50 ലക്ഷം അനുവദിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button