KeralaLatest NewsNews

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വ്യാപകമായ പരിശോധനയാണ് സംസ്ഥാനത്ത് നടന്നത്. 429 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 44 സാമ്പിളുകൾ പരിശോധനയ്ക്കയ്ക്കും അയച്ചിട്ടുണ്ട്. ഈ പരിശോധനകൾ ഇന്നും തുടരും. വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്തെ നഴസ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഹോട്ടലുകൾ വൃത്തിഹീനമായി പ്രവർത്തിച്ചാൽ കർശന നടപടിയെടുക്കും. സംസ്ഥാനത്തുടനീളം പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ ഹോളിഡേ കാര്യക്ഷമമായിരുന്നു. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ജനങ്ങളുടെ ആരോഗ്യത്തെും ജീവനെയും ഗുരുതരമായി ബാധിക്കുന്നതാണ് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ. മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കുവന്ന ഹോട്ടലുകൾ കണ്ടെത്താൻ ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പ്രത്യേക ഡ്രൈവ് തന്നെ ആരോഗ്യ വകുപ്പ് ഏഴ് ദിവസം നടത്തിയിരുന്നു.

അയ്യാരിത്തിലധികം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 26 ഹോട്ടലുകൾ 7 ദിവസം കൊണ്ട് പൂട്ടി. 526 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസും നൽകി. അതിലെല്ലാം നടപടികൾ സ്വീകരിച്ചുവരികയാണ്. വളരെ പ്രാധാന്യത്തോടെ സർക്കാർ നോക്കിക്കാണുന്ന വിഭാഗമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം ലൈസൻസ് എടുക്കാൻ സമയപരിധിയും നൽകുന്നുണ്ട്.

വളരെ വേദനാജനകമായ സംഭവമാണ് രശ്മിയുടെത്. ആരോഗ്യമേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതാണ് അവർ. സംക്രാന്തി ഹോട്ടലിന്റെ കാര്യത്തിൽ പരിശോധന നടത്തി. സ്ഥാപനം പൂട്ടുന്നതുമാത്രമല്ല, ഭക്ഷ്യസുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും നിയമപരമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഓരോ നിയോജക മണ്ഡലഭങ്ങൾ കേന്ദ്രീകരിച്ച് 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാരാണ് ഭക്ഷ്യസുരക്ഷയ്ക്കുള്ളത്. സ്ഥാപനങ്ങളുടെ ലൈസൻസ് നടപടിക്രമങ്ങളും പരിശോധിക്കുന്നുണ്ട്’- മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button