തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് നല്ല ബഹുമാനം ഉണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹം കേരളത്തിന്റെ ഗവര്‍ണറാണ്. വളരെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ. അല്ലാതെ ഒരു പ്രശ്‌നവുമില്ലല്ലോ. അദ്ദേഹത്തോട് ഞങ്ങള്‍ക്കെല്ലാം സ്‌നേഹം മാത്രമേയുള്ളൂ. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. സര്‍ക്കാരിന്റെ നേതാവാണ് ഗവര്‍ണര്‍. എന്തെങ്കിലും അഭിപ്രായ വ്യത്യാസം വന്നാല്‍ അതെല്ലാം ചര്‍ച്ച ചെയ്ത് യോജിച്ച് പ്രവര്‍ത്തിക്കും.അതാണ് എല്‍ഡിഎഫിന്റെ നിലപാട്’, സജി ചെറിയാന്‍ വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചത് പ്രതിപക്ഷത്തിന്റെ ഒരു ധർമ്മം മാത്രമാണെന്നും ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷത്തോട് ഒരു വികാരവും തോന്നുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ‘ഏതു പ്രശ്‌നത്തെയും നെഗറ്റീവ് ആയിട്ടാണ് അവര്‍ കാണുന്നത്. ഈ ചടങ്ങില്‍ അവരും പങ്കെടുക്കേണ്ടതായിരുന്നു. പങ്കെടുത്തില്ല എന്നു വെച്ച് അവരോട് ഒരു വിരോധവുമില്ല. എല്ലാ സ്‌നേഹവും പ്രതിപക്ഷത്തോടുണ്ട്. പ്രതിപക്ഷത്തിന്റെ പൂര്‍ണസഹകരണം മന്ത്രി എന്ന നിലയില്‍ തുടര്‍ന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അവരെ കൂടി ചേര്‍ത്തു പിടിച്ചുകൊണ്ടാകും സര്‍ക്കാര്‍ മുന്നോട്ടു പോകുക,’ സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് നേരത്തെ താന്‍ കൈകാര്യം ചെയ്തിരുന്നതെന്നും ആ വകുപ്പുകള്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Post Your Comments