Latest NewsNewsIndia

ലൈംഗിക പീഡനം നടന്നിട്ടില്ല, അഞ്ജലിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ ഇല്ല: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മരിച്ച അമന്‍ വിഹാര്‍ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു

ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ കാറിടിച്ചു കൊല്ലപ്പെട്ട യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച അമന്‍ വിഹാര്‍ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡാണ് അഞ്ജലിയുടെ  നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

Read Also: മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ കഴക്കൂട്ടത്ത് പിടിയില്‍

കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിളുകളും ജീന്‍സിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു ‘നിര്‍ഭയ’ എന്നുവരെ ആരോപണം ഉയര്‍ന്ന സംഭവത്തില്‍ പീഡനാരോപണം പരിശോധിക്കുമെന്നു ഡല്‍ഹി സ്‌പെഷല്‍ കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ വിശദീകരിച്ചിരുന്നു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി ആരോപണമുയര്‍ന്നത്.

അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ 3 ദിവസത്തെ പൊലീസ് കസ്റ്റിഡിയിലാണ്.

യുവതി കാറിനടിയില്‍ കുടുങ്ങിയത് കണ്ടിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വര്‍ഷം മുന്‍പു മരിച്ചു.

അഞ്ജലിയും നിധിയും പുതുവത്സര ആഘോഷത്തിന് ശേഷം ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വരുന്നതിന്റെയും സ്‌കൂട്ടറില്‍ ഒരുമിച്ച് മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആദ്യം നിധിയാണ് വാഹനമോടിച്ചത്. വഴിയില്‍വച്ച് അഞ്ജലി ഡ്രൈവിങ് ഏറ്റെടുക്കുകയായിരുന്നു. ആഘോഷത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന് ശേഷമാണ് സ്‌കൂട്ടറില്‍ മടങ്ങിയതെന്നും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button