സഹസംവിധായികയായിരുന്ന നയനയുടെ മരണം കൊലപാതകമായിരുന്നുവെന്ന സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. ആത്മഹത്യയെന്നായിരുന്നു പോലീസ് റിപ്പോർട്ട്. സംഭവം വിവാദമായതോടെ ഇതുവരെയുള്ള പോലീസ് നടപടികള്‍ പരിശോധിക്കാനും തുടരന്വേഷണം വേണോയെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഫയലുകൾ വീണ്ടും പരിശോധിക്കുകയാണ്.
മൃതദേഹ പരിശോധനാ ഫലവും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സ്വയം ശരീരപീഡനം നടത്തുന്ന അപൂര്‍വ അവസ്ഥയാണ് മരണകാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്ന് ഡിസിപി വിഅജിത് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. നയന മരിച്ചുകിടന്ന മുറിയില്‍ പുറത്തുനിന്ന് ആരെങ്കിലും കയറാനുള്ള സാധ്യതയുമില്ല. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള, കഴുത്തിന്റെ ഇടതു ഭാഗത്ത് 31.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞുണ്ടായ മുറിവ് പോലീസിന്റെ ഇന്‍ക്വസ്റ്റില്‍ ഇല്ല എന്നതാണ് ഗുരുതര ആരോപണമായി നയനയുടെ സുഹൃത്തുക്കൾ ഉന്നയിക്കുന്നത്. താടിയെല്ലില്‍ 6.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുന്‍വശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളുണ്ടായിരുന്നു. അതേസമയം നയനാ സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമര്‍ശവും ഫോറൻസിക് ഉന്നയിക്കുന്നുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്ന കണ്ടെത്തലാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് നയനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments