ദുബായ്: 2023ൽ യുഎഇ സർക്കാർ അഞ്ചു മേഖലകൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുതുവർഷത്തിലെ ആദ്യ കാബിനറ്റ് യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദേശീയ ഐക്യവും അതിന്റെ ഏകീകരണം, പരിസ്ഥിതിയും സുസ്ഥിരതയും, വിദ്യാഭ്യാസ സമ്പ്രദായവും അതിന്റെ കാഴ്ചപ്പാടിന്റെ പുരോഗതിയും സൂചകങ്ങളും, സ്വദേശിവത്കരണവും അതിന്റെ വേഗം വർദ്ധിപ്പിക്കലും, യുഎഇയുടെ രാജ്യാന്തര സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കുക തുടങ്ങിയ അഞ്ച് കാര്യങ്ങൾക്കാണ് രാജ്യം ഇത്തവണ മുൻഗണന നൽകുക.
71 രാജ്യാന്തര കരാറുകളിലാണ് കഴിഞ്ഞ ദിവസം യുഎഇ ഒപ്പുവച്ചത്. രാജ്യത്തിന്റെ സാമ്പത്തികം, സാമൂഹികം, അടിസ്ഥാന വികസനം, ഡിജിറ്റൽ മേഖല തുടങ്ങിയവ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമായിരുന്നു 2022 എന്ന് നേരത്തെ ശൈഖ് മുഹമ്മദ് പറഞ്ഞിരുന്നു. ലോക ജനതയ്ക്ക് അദ്ദേഹം പുതുവർഷാശംസകൾ നേരുകയും ചെയ്തിരുന്നു.
യുഎഇയ്ക്കും ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കും സന്തോഷകരവും സുരക്ഷിതവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം അദ്ദേഹം ആശംസിച്ചു. കഴിഞ്ഞ വർഷം യുഎഇ കരസ്ഥമാക്കിയ നേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.
Post Your Comments