
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍, പുതുവര്‍ഷത്തില്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കും. ഈ വര്‍ഷം ജൂലൈ ആറിനാണ് സജി ചെറിയാന്‍ രാജിവച്ചത്.
സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയിരുന്നു. കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ സിപിഎമ്മില്‍ ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചിരുന്നു.
Post Your Comments