തിരുവനന്തപുരം: നഗരസഭയിലെ നിയമനക്കത്തുവിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഡിആർ അനിലിനെ മാറ്റി നിർത്താൻ ധാരണയായെന്ന് എംബി രാജേഷ് അറിയിച്ചു. ഇതോടെ നഗരസഭ കവാടത്തിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.
മേയർ രാജിവെക്കണമെന്നതായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ രണ്ട് കേസുകൾ ഹൈക്കോടതിയുടെ മുമ്പിലുണ്ട്. ഒന്നിൽ വിധി വന്നു. മറ്റൊന്ന് കോടതിയുടെ മുൻപിലാണ് അത് കോടതിയുടെ തീർപ്പിന് വിടുകയാണെന്ന് എംബി രാജേഷ് പറഞ്ഞു. അത് സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല.
മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ എഴുതപ്പെട്ട കത്തിന്റെ കാര്യത്തില്‍ കോടതി വിധി വന്നതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവര്‍ വ്യക്തമാക്കി. മന്ത്രി എം.ബി രാജേഷും ഇതേനിലപാട് തന്നെയാണ് സ്വീകരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്നിരുന്നു. കത്ത് എഴുതിയത് അദ്ദേഹമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിർത്താൻ ധാരണയായെന്നും എംബി രാജേഷ് പറഞ്ഞു.
Post Your Comments