Latest NewsKeralaIndia

രഹസ്യമായി പ്രവർത്തിച്ച കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡ്: വിവരം ചോര്‍ന്നെന്നു സൂചന, മുന്‍ മേഖലാ സെക്രട്ടറി സ്ഥലംവിട്ടു

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ കേന്ദ്രങ്ങളിലെ എൻഐഎ റെയ്‌ഡ്‌ തുടരുകയാണ്. ഇതിനിടെ, പത്തനംതിട്ടയില്‍ എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നെന്ന് സംശയം. പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിന് മുന്‍പ് സ്ഥലംവിട്ടു. മുന്‍ സംസ്ഥാന സെക്രട്ടറി നിസാറിന്‍റെ വീട്ടില്‍നിന്ന് ബാഗും ഫോണുകളും പിടിച്ചെടുത്തു.

കൊല്ലത്ത് മുന്‍ ജില്ലാ പ്രസിഡന്‍റിന്‍റെ വീട്ടില്‍നിന്ന് ഫോണുകള്‍ പിടിച്ചെടുത്തു. മലപ്പുറത്ത് മുന്‍ ദേശീയ പ്രസിഡന്‍റ് ഒഎംഎ സലാമിന്‍റെ സഹോദരന്‍റെ വീട്ടില്‍ പരിശോധന നടക്കുകയാണ്. നിരോധനശേഷവും പിഎഫ്ഐ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതിനാലാണ് എന്‍ഐഎയുടെ പരിശോധന.

മലപ്പുറം ജില്ലയില്‍ ഒരേസമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും പരിശോധന നടത്തുകയാണ്. മുന്‍പ് അറസ്റ്റിലായ ദേശീയ പ്രസിഡന്‍റ് ഒഎംഎ സലാമിന്‍റെ സഹോദരന്‍റെ വീട്ടിലും പരിശോധന നടന്നു. റെയ്ഡിനെ തുടർന്ന് ബാങ്ക്‌ പാസ്സ് ബുക്കുകൾ അടക്കമുള്ള ചില രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്‌ എന്നാണ്‌ സൂചന. പെരുമ്പിലാവ്‌ കേച്ചേരി എന്നിവിടങ്ങളിൽ എൻ ഐ എ മുൻപ്‌ നടത്തിയ റെയ്ഡുകളിൽ പി എഫ്‌ ഐ നേതാക്കളെ അറസ്റ്റ്‌ ചെയ്തിരുന്നു.

ഇന്നത്തെ റെയ്ഡിൽ അറസ്റ്റ്‌ നടന്നിട്ടില്ല എന്നാണ്‌ പ്രാഥമിക വിവരം. ചാവക്കാട്ടെ അബ്ദുൾ ലത്തീഫിൻ്റെ വീട്ടിലെ റെയ്ഡും രാവിലെ ഏഴ് മണിയോടെ സമാപിച്ചു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്തംബറിൽ നടന്ന റെയ്‌ഡ്‌ കേന്ദ്രസേനകളുടെ സഹായത്തോടെയും കേരള പൊലീസിനെ പൂർണമായി ഒഴിവാക്കിയുമായിരുന്നു. എന്നാൽ ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button