തിരുവനന്തപുരം: സമ്പദ് ഘടനയിൽ മാന്ദ്യം ശക്തിപ്പെടുന്നത് ആശങ്കാജനകമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിനെ പറ്റി കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ പ്രചാരണങ്ങളും അവകാശവാദങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള നിക്ഷേപം വളരുന്നില്ലെന്ന് സിപിഎം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യാവസായിക ഉത്പ്പാദനം ഒക്ടോബറിൽ 4 ശതമാനം ചുരുങ്ങി. ഇത് 3 മാസത്തിനിടെ രണ്ടാം തവണയാണ്. ഉൽപ്പന്ന നിർമ്മാണത്തിൽ മുൻവർഷത്തേതിൽ നിന്ന് 5.4 ശതമാനം ഇടിവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. വ്യാവസായിക ഉൽപ്പാദന സൂചിക സെപ്തംബർ 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 129.6 ആയിരുന്നു ഈ ഒക്ടോബറിൽ. ജനങ്ങളുടെ വാങ്ങൽ ശേഷി തുടർച്ചയായി കുറയുന്നതിന്റെ സൂചനയാണിത്.
തൊഴിലില്ലായ്മ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. തൊഴിൽ പങ്കാളിത്ത നിരക്കും തൊഴിൽ നിരക്കും ഇതിനോടൊപ്പം കുറയുന്നുവെന്നത് ഇതിലും മോശമാണ്. തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 8 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 8.8 ശതമാനമായി ഉയർന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ 9.6 ശതമാനമായും ഗ്രാമങ്ങളിൽ 7.8 ശതമാനമായും ഉയർന്നു. പണപ്പെരുപ്പം കുതിച്ചുയരുന്നു. ഭക്ഷ്യവിലക്കയറ്റം ജനങ്ങളുടെ ഉപജീവനത്തിൽ കൂടുതൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.
Read Also: രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ്, ആശ്വാസ വാർത്തയുമായി ആർബിഐ
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യ മേഖലകളിൽ പൊതുനിക്ഷേപം വൻതോതിൽ വർധിപ്പിക്കാനായി പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അതില്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ആളുകളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാനോ കഴിയില്ല. 2013ലെ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള ‘സൗജന്യ’ റേഷൻ നമ്മുടെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് പേർക്കും 2023 ൽ കൊടുക്കുമെന്നുള്ളത് രാജ്യത്തെ വേട്ടയാടുന്ന വിശപ്പിന്റെ ഭയാനകതയെ മറ്റ് വഴികളിൽ മറികടക്കാൻ കഴിയില്ലെന്നത് സമ്മതിക്കലാണ്. ഇന്ത്യയിലെ പട്ടിണി ‘അതീവ ഗുരുതരം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ആഗോള പട്ടിണി സൂചിക റിപ്പോർട്ടിനെ മോദി സർക്കാർ ശക്തമായി നിഷേധിച്ചിരുന്നെങ്കിലും ഇതാണ് സത്യമെന്ന് സിപിഎം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യാവസ്ഥയിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. 81.35 കോടി ജനങ്ങൾക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെങ്കിലും, അവർക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ കിലോയ്ക്ക് 3 രൂപയ്ക്ക് അരിയും കിലോയ്ക്ക് 2 രൂപയ്ക്ക് ഗോതമ്പും കിലോയ്ക്ക് 1 രൂപയ്ക്ക് മറ്റ് ധാന്യങ്ങളും എന്ന സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ ഇനി ലഭിക്കുകയില്ല. തൽഫലമായി, പോഷകനിലവാരം നിലനിർത്തുന്നതിന് സബ്സിഡി നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന 5 കിലോ ഭക്ഷ്യധാന്യങ്ങൾ കിട്ടാനായി കിലോയ്ക്ക് 30 രൂപയ്ക്ക് ഗോതമ്പും 40 രൂപയ്ക്ക് അരിയും വിൽക്കുന്ന പൊതു വിപണിയിലേക്ക് ആളുകൾ പോകേണ്ടിവരും. അതിജീവിക്കാൻ പാടുപെടുന്ന കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഇതൊരു ക്രൂരമായ പ്രഹരമായിരിക്കും. പിഎംജികെഎയ്ക്ക് കീഴിലുള്ള 5 കിലോ സൗജന്യധാന്യവും ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ സബ്സിഡി നിരക്കിൽ 5 കിലോ ധാന്യവും വിതരണം ചെയ്യുന്നത് തുടരണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Post Your Comments