കോർബ: തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ 20 കാരിയായ യുവതിയെ ഒരാൾ 51 തവണ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (എസ്ഇസിഎൽ) പമ്പ് ഹൗസ് കോളനിയിൽ ഡിസംബർ 24 നാണ് സംഭവം നടന്നത്. പ്രതി എത്തുമ്പോൾ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നുവെന്ന് സിറ്റി പോലീസ് സൂപ്രണ്ട് (കോർബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു.
അവളുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാനായി തലയണ കൊണ്ട് പ്രതി അവളുടെ വായ പൊത്തിപ്പിടിച്ച് 51 തവണ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയായിരുന്നു. ശേഷം ഇവിടെ നിന്നും കടന്നു കളഞ്ഞു. പിന്നീട് വീട്ടിലെത്തിയ പെൺകുട്ടിയുടെ സഹോദരൻ പെൺകുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജഷ്പൂർ ജില്ലയിൽ നിന്നുള്ള പ്രതി മൂന്ന് വർഷം മുമ്പ് ഒരു പാസഞ്ചർ ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ ബസിൽ തന്നെയായിരുന്നു പെൺകുട്ടിയും യാത്ര ചെയ്തിരുന്നത്. പ്രതി പിന്നീട് ജോലിക്കായി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോകുകയും ഇരുവരും തമ്മിൽ പിന്നീട് കാണാൻ അവസരം ഉണ്ടാകാതിരിക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാൾ പെൺകുട്ടിയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി കാര്യമാക്കിയില്ല. താൻ വിളിക്കുമ്പോൾ ഫോൺ എടുത്തില്ലെന്ന കാരണത്താലാണ് യുവാവ് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
Post Your Comments