ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ അഅതിര്‍ത്തിയിലേയ്ക്ക് കടന്നു കയറിയത് അധിനിവേശം എന്ന ലക്ഷ്യം മാത്രമല്ല എന്ന് റിപ്പോര്‍ട്ട്. ചൈനയില്‍, വളരെ വിലയേറിയ ഹിമാലയന്‍ സ്വര്‍ണം എന്നറിയപ്പെടുന്ന ‘കോര്‍ഡിസെപ്സ് ‘ശേഖരിക്കാനാണെന്ന് ഇന്‍ഡോ-പസഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ്( ഐസിസിഎസ് സി) കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത് മികച്ച ലൈംഗിക ഉത്തേജന മരുന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഹിമാലയന്‍ വയാഗ്ര’ എന്നറിയപ്പെടുന്ന ഈ കുമിള്‍ തേടിയാണ് ചൈനീസ് സൈനികര്‍ നിരന്തരം അതിര്‍ത്തി കടന്നുകയറുന്നതെന്നാണ് പറയുന്നത്. കാറ്റര്‍പില്ലര്‍ ഫംഗസ് എന്നും ഹിമാലയന്‍ സ്വര്‍ണം എന്നും അറിയപ്പെടുന്ന ഈ കുമിള്‍ തേടി ചൈനീസ് സൈനികര്‍ എത്താന്‍ വലിയൊരു കാരണമുണ്ട്. കോര്‍ഡിസെപ്സിന് ചൈനയില്‍ സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്.
ഇന്ത്യയിലെ ഹിമാലയന്‍ ഭൂപ്രദേശങ്ങളിലും തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ക്വിങ്ഹായ്-ടിബറ്റന്‍ പീഠഭൂമിയുടെ ഉയര്‍ന്ന മേഖലകളിലുമാണ് കോര്‍ഡിസെപ്സ് പ്രധാനമായും കണ്ടുവരുന്നത്. ഇന്ത്യയുടെ മറ്റ് ചില ഉയര്‍ന്ന ഭാഗങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും ഇത് കാണാം. 2022-ല്‍ 1,072.50 മില്യണ്‍ ഡോളറായിരുന്നു കോര്‍ഡിസെപ്‌സ് വിപണിയുടെ മൂല്യം.
കോര്‍ഡിസെപ്‌സ് സിനെന്‍സിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഔഷധച്ചെടി നിശാശലഭങ്ങളുടെ ലാര്‍വക്കുള്ളിലാണ് വളരുന്നത്. കോര്‍ഡിസെപ്‌സ് എന്ന പേരിന്റെ ഉത്ഭവം ലാറ്റിന്‍ ഭാഷയില്‍ നിന്നാണ്. തവിട്ട് നിറമുള്ള ഈ സസ്യത്തിന് രണ്ട് ഇഞ്ച് വരെ നീളമുണ്ടാകും. ഏകദേശം 300 മുതല്‍ 500 മില്ലിഗ്രാം വരെ ഇവയ്ക്ക് ഭാരമുണ്ടാകും. ചൈനയിലെ മധ്യവര്‍ഗ്ഗക്കാരാണ് ഈ ‘മാജിക് ഡ്രഗ്ഗിന്റെ’ ഉപയോക്താക്കള്‍. ക്ഷീണം മാറ്റല്‍, വൃക്ക രോഗ ചികിത്സ ലൈംഗിക ഉത്തേജകം എന്നിങ്ങനെ ചൈനീസ് മധ്യവര്‍ഗ്ഗം കോര്‍ഡിസെപ്സിനെ ഒറ്റമൂലിയായി കാണുന്നു.
ഒരു കിലോ കോര്‍ഡിസെപ്സിന് ഏകദേശം 17 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ഹിമാലയന്‍ സ്വര്‍ണമെന്ന് വിളിക്കുന്നത്. കോര്‍ഡിസെപ്സിന്റെ വില്‍പ്പന ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്.
Post Your Comments