ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തിന് പിന്നിൽ 12കാരനും സംഘവുമെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ കുട്ടിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ക്രാപ്പ് ഡീലറായ ഇബ്രാഹിമിനെ (60)യും ഭാര്യ ഹസ്രയെയും കൊലപ്പെടുത്തിയ കേസില്‍ ആണ് അറസ്റ്റ്. നവംബർ 22നാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.
ദമ്പതികളുമായി അടുപ്പം പുലർത്തിയ കുട്ടിയാണ് പ്രധാന പ്രതി. ഇബ്രാഹിമിന്റെ കൈയിൽ ധാരാളം പണമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സുഹൃത്തുക്കളുമായി 12കാരൻ മോഷണം ആസൂത്രണം ചെയ്തത്. മൂന്ന് പേരെയാണ് കവർച്ചക്കായി ഒപ്പം കൂട്ടിയത്. എന്നാൽ, മോഷണശ്രമം ഇബ്രാഹിമും ഭാര്യയും മനസ്സിലാക്കിയതോടെ ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായ മഞ്ചേഷ്, ശിവം എന്നിവവർ മുതിർന്നവരാണ്. നാലാം പ്രതി സന്ദീപിനെ കാണാനില്ല. ഇവരിൽ നിന്ന് 12,000 രൂപയും ഒരു മൊബൈൽ ഫോണും ഒരു സ്വർണമാലയും കണ്ടെടുത്തതായി ഗാസിയാബാദ് സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ ഇരാജ് രാജ പറഞ്ഞു.
Post Your Comments