ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തിനിടെ പാർട്ടി എം.പി രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഡൽഹിയിൽ പ്രവേശിച്ചു. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരിയും പാർട്ടി പ്രവർത്തകരും ഫരീദാബാദിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിച്ച രാഹുൽ ഗാന്ധിയെയും മറ്റ് പാർട്ടി നേതാക്കളെയും യാത്രികളെയും ബദർപൂർ അതിർത്തിയിൽ സ്വീകരിച്ചു.
പാർട്ടി നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, കുമാരി സെൽജ, രൺദീപ് സുർജേവാല എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. വെറുപ്പിന്റെ വിപണിക്കിടയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് തന്റെ യാത്രയുടെ ഉദ്ദേശമെന്ന് പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി വ്യക്തമാക്കി.
‘രാജ്യത്തെ സാധാരണക്കാരൻ ഇപ്പോൾ സ്‌നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ യാത്രയിൽ പങ്കെടുത്തു. നിങ്ങളുടെ വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ഞങ്ങൾ ഇവിടെയുണ്ടെന്ന് ആർഎസ്എസിന്റെയും ബിജെപിയുടെയും ആളുകളോട് ഞാൻ പറഞ്ഞിട്ടുണ്ട്’, രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി വിദ്വേഷം പരത്തുമ്പോൾ കോൺഗ്രസ് സ്നേഹം പ്രചരിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
നേരത്തെ, ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, പ്രോട്ടോക്കോളുകൾ പാലിക്കാതെയാണ് ഡൽഹിയിൽ ജോഡോ യാത്ര നടക്കുന്നതെന്ന ആഹ്വാനവും ഉയരുന്നുണ്ട്.
Post Your Comments