CricketLatest NewsNewsSports

താരലേലത്തില്‍ തിളങ്ങി സാം കറൻ: കാമറൂണ്‍ ഗ്രീനിനും ബെന്‍ സ്റ്റോക്‌സിനും പൊന്നും വില

കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ വിദേശ താരങ്ങൾക്ക് പൊന്നും വില. ക്യാപ്‌ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഉയര്‍ന്ന മൂല്യമുള്ള താരമായി വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കോളാസ് പുരാൻ. 16 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് പുരാനെ സ്വന്തമാക്കിയത്. രണ്ട് കോടിയായിരുന്നു അടിസ്ഥാന വില. താരത്തിനായി അവസാന നിമിഷം വരെ ഡല്‍ഹി ക്യാപിറ്റല്‍സും രംഗത്തുണ്ടായിരുന്നു.

ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഹെന്‍‌റിച് ക്ലാസനെ 5.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബംഗ്ലാദേശിന്‍റെ ലിറ്റണ്‍ ദാസിനെ ആരും സ്വന്തമാക്കിയില്ല. ലങ്കയുടെ കുശാല്‍ മെന്‍ഡിസിനും ആളുണ്ടായില്ല. രണ്ട് കോടി അടിസ്ഥാന വിലയില്‍ ടോം ബാന്‍ഡമിനായി ആരും രംഗത്തുവന്നില്ല.

ടി20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ 17.50 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ 16.25 കോടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി.

സിംബാബ്‌വെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയെ 50 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സും വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒഡീന്‍ സ്‌മിത്തിനെ 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റന്‍സും ജേസന്‍ ഹോള്‍ഡറെ 5.75 കോടിക്ക് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി. അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിംഗിനെ സ്വന്തമാക്കാന്‍ ആരും രംഗത്തുവന്നില്ല. ദക്ഷിണാഫ്രിക്കയുടെ റാസീ വാന്‍ ഡര്‍ ഡുസ്സന്‍ വിന്‍ഡീസിന്‍റെ ഷെര്‍ഫേന്‍ റൂത്തര്‍ഫോര്‍ഡ് എന്നിവരെയും തുടക്കത്തില്‍ ആരും സ്വന്തമാക്കിയിട്ടില്ല.

അണ്‍ക്യാപ്‌ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ കേരളത്തിന്‍റെ മുഹമ്മദ് അസ്‌ഹറുദ്ദീനെയും ആരും സ്വന്തമാക്കിയില്ല. ഉപേന്ദ്ര യാദവ് 25 ലക്ഷത്തിന് സണ്‍റൈസേഴ്‌സിലും കെ എസ് ഭരത് 1.2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിലും എന്‍ ജഗദീശന്‍ 90 ലക്ഷത്തിന് കെകെആറിലുമെത്തി. ദിനേശ് ബാനാ, സുമുത് കുമാര്‍ എന്നിവര്‍ക്കായും ആരും രംഗത്തുവന്നില്ല.

അണ്‍ക്യാപ്‌ഡ് ഓള്‍റൗണ്ടര്‍മാരില്‍ പ്രിയം ഗാര്‍ഗിനെ ആരും ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാതിരുന്നതും ശ്രദ്ധേയമായി. മലയാളി പേസര്‍ കെ എം ആസിഫും ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായി. യുവതാരം യാഷ് ഠാക്കൂര്‍ 45 ലക്ഷത്തിന് ലഖ്‌നൗവിലേക്ക് ചേക്കേറിയപ്പോള്‍ വൈഭവ് അറോറയെ കെകെആര്‍ 60 ലക്ഷത്തിന് പാളയത്തിലെത്തിച്ചു.

അണ്‍ക്യാപ്‌ഡ് ഇന്ത്യന്‍ താരങ്ങളില്‍ വമ്പന്‍ തുക ലഭിച്ചവരില്‍ ഒരാള്‍ വിവ്രാന്ത് ശര്‍മ്മയ്‌ക്കാണ്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഓള്‍റൗണ്ടറെ 2.60 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തുകയായിരുന്നു. ശര്‍മ്മയ്ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു.

Read Also:- ഭരണഘടനാവിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ സിബിഐ അന്വേഷണം വേണം, ഹൈക്കോടതി നോട്ടിസ്

20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന പേസര്‍ മുകേഷ് കുമാറിനെ 5.50 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയതും ശ്രദ്ധേയമായി. ശിവം മാവിക്കും താരലേലം നേട്ടമായി. മാവിയെ 6 കോടിക്ക് ഗുജറാത്ത് ടീം സ്വന്തമാക്കിയത്. അണ്‍ക്യാപ്‌ഡ് സ്‌പിന്നര്‍മാര്‍ വന്‍ നിരാശയിലായപ്പോള്‍ എസ് മിഥുനെ ആരും സ്വന്തമാക്കാന്‍ തുടക്കത്തില്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button