ചണ്ഡിഗഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ ഇന്നും മാസ്ക് ധരിക്കാതെയാണ് രാഹുൽ ഗാന്ധിയും പ്രവർത്തകരും അണിനിരന്നത്. ഹരിയാനയിലാണ് രാഹുലിന്റെ പര്യടനം. വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ ജോഡോ യാത്ര നിർത്തി വെക്കണമെന്നുമായിരുന്നു ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്.
മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചത് വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യ നിർദ്ദേശിച്ചിരുന്നു.
അതേസമയം, വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്തയക്കേണ്ടത് പ്രധാനമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
പാർലമെൻറ് സമ്മേളനം പോലും കോവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നതെന്ന കാര്യവും കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ ഗുജറാത്ത് ഇലക്ഷൻ സമയത്തു കോവിഡ് ആശങ്കകൾ ഇല്ലായിരുന്നു എന്ന കാര്യം വിസ്മരിക്കുകയാണ് നേതാക്കൾ. ഗുജറാത്തിൽ പ്രധാനമന്ത്രി മാത്രമല്ല, എല്ലാ പാർട്ടികളും പ്രചാരണം നടത്തിയത് മറക്കരുതെന്ന് ബിജെപിയും തിരിച്ചടിക്കുന്നു.
ഭാരത് ജോഡോ യാത്രക്കെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് പദ്ധതി. ഇന്ന് പാർലമെന്റിലും വിഷയം ഉന്നയിച്ച് എംപിമാർ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്. ജനുവരി 26ന് കശ്മീരിൽ അവസാനിക്കേണ്ട യാത്ര നേരത്തെ അവസാനിപ്പിക്കാൻ സർക്കാർ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുമോ എന്നാണ് കോൺഗ്രസ് സംശയിക്കുന്നത്.
Post Your Comments