Latest NewsKeralaNews

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് 2022-ൽ: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് ഈ വർഷമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പത്താമത് സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ചായ മോശമാണെന്നും വേറെ ചായ നൽകണമെന്നും ആവശ്യപ്പെട്ടു; ഗ്യഹനാഥനെയും മകനെയും മർദ്ദിച്ച് തട്ടുകടക്കാരന്‍

കോവിഡാനന്തര ടൂറിസം എങ്ങനെയുണ്ടാവണം എന്നുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണത്തെ തുടർന്ന് നിരവധി പുരസ്‌കാരങ്ങളാണ് സംസ്ഥാനം കരസ്ഥമാക്കിയത്. കടൽ മാർഗ്ഗമാണ് വിദേശ സഞ്ചാരികൾ കൂടുതലും കേരളത്തിലേക്കുന്നത്. അതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ പ്രചരണ പരിപാടികളും നടത്തിവരുന്നു. സർക്കാരിന്റെ തുടർച്ചയായുള്ള പരിശ്രമത്തിന്റെ ഭാഗമായി ബ്രിട്ടനിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇ- വിസ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് വിനോദസഞ്ചാര മേഖലയിൽ വലിയ സംഭാവനയാണ് നൽകുന്നത്. വിദേശ-ആഭ്യന്തര സഞ്ചാരികളെ ഒരുപോലെ ആകർഷിക്കാൻ മേളയ്ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്രാഫ്റ്റ് ബസാർ പവലിയന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയും അന്താരാഷ്ട്ര കരകൗശല പവലിയന്റെ ഉദ്ഘാടനം പയ്യോളി മുനിസിപാലിറ്റി ചെയർമാൻ വടക്കയിൽ ഷെഫീഖും നിർവഹിച്ചു. നബാഡ് ചീഫ് ജനറൽ മാനേജർ ജി ഗോപകുമാരൻ നായർ നബാഡ് പവലിയൻ ഉദ്ഘാടനം ചെയ്തു. യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരി മന്ത്രിക്ക് ഉപഹാരം കൈമാറി.

ഡിസംബർ 22 മുതൽ ജനുവരി 9 വരെയാണ് മേള നടക്കുന്നത്. 26 സംസ്ഥാനങ്ങളിൽ നിന്നും 500 ൽ പരം കരകൗശല വിദഗ്ധരും ബംഗ്ലാദേശ്, ജോർദാൻ, കിർഗിസ്ഥാൻ, നേപ്പാൾ, സിറിയ, താജിക്കിസ്ഥാൻ, തായ്‌ലാൻഡ്, മൗറീഷ്യസ്, ഉസ്‌ബെക്കിസ്ഥാൻ, ലെബനൻ തുടങ്ങി 10 ൽ പരം രാജ്യങ്ങളിലെ കരകൗശല കലാകാരന്മാരും മേളയിൽ പങ്കെടുക്കും. ഉസ്‌ബെക്കിസ്ഥാൻ മേളയുടെ പാർട്ണർ രാജ്യമാണ്.

മിനിസ്ട്രി ഓഫ് ടെക്‌സ്‌റ്റൈൽസ് ഡവലപ്പ്‌മെന്റ് കമ്മീഷണർ ഓഫ് ഹാൻഡി ക്രാഫ്ട്‌സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാർ, നബാർഡ് ക്രാഫ്റ്റ് പവിലിയൻ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന ഇന്റർനാഷണൽ ക്രാഫ്റ്റ് പവിലിയൻ, കേരള ഫുഡ് ഫെസ്റ്റ്, ഉസ്‌ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, അമ്യൂസ്‌മെന്റ് റൈഡുകൾ, കലാപരിപാടികൾ, ബോട്ടിംഗ്, കളരി പവിലിയൻ, മെഡിക്കൽ എക്‌സിബിഷൻ എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്.

കേന്ദ്ര ടൂറിസം വകുപ്പ്, ടെക്‌സ്‌റ്റൈൽസ് ഡവലപ്പ്‌മെന്റ് കമ്മിഷണർ ഓഫ് ഹാൻഡി ക്രാഫ്റ്റ്‌സ്, നബാർഡ്, കേരള സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്(സമഗ്ര ശിക്ഷാ കേരളം) എന്നിവയുടെ നേതൃത്വത്തിലാണ് ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്. 19 ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപാലിറ്റി കൗൺസിലർ മുഹമ്മദ് അഷ്‌റഫ്, ഹാന്റ് ക്രാഫ്റ്റ് സർവീസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സജി പ്രഭാകരൻ, പാരമ്പരിക് കരിഗർ വൈസ് പ്രസിഡന്റ് നിരഞ്ചൻ ജൊന്നാലഗഡ്ഡ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സർഗാലയ ആർട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ പി പി ഭാസ്‌ക്കരൻ സ്വാഗതവും ജനറൽ മാനേജർ ടി.കെ രാജേഷ് നന്ദിയും പറഞ്ഞു.

Read Also: വിവാദ പ്രസംഗം: സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button