ന്യൂഡല്‍ഹി: ആഗോള തലത്തില്‍ കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്സിനേഷന് പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട. ആരോഗ്യ സെക്രട്ടറി, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ജാഗ്രത തുടരാന്‍ നിര്‍ദ്ദേശമുണ്ട്. റോണയുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവ് ജീനോം സീക്വന്‍സിംഗ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. ഇത് വഴി വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ വകഭേദങ്ങള്‍ സമയബന്ധിതമായി കണ്ടെത്താനും അതിനായി ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ ഏറ്റെടുക്കാനും സഹായിക്കുമെന്നും ഭൂഷണ് വ്യക്തമാക്കി.
ചൈനയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയാണ്. കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ശ്മശാനങ്ങളിലും വന്‍ തിരക്കാണ്. എന്നാല്‍ ഇതുവരെയും മരിച്ചവരുടെ കണക്ക് പുറത്തുവിടാന്‍ ചൈന തയ്യറായിട്ടില്ല. ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ അടക്കമുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിടുകയാണ്. അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ആഗോളതലത്തില്‍ ഓരോ ആഴ്ചയും 35 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേന്ദ്രം അറിയിച്ചു. ജപ്പാന്, ദക്ഷിണ കൊറിയ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളിലും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
Post Your Comments