ന്യൂഡല്‍ഹി: പുണ്യസ്ഥലമായ ശ്രീ കടാസ് രാജ് ക്ഷേത്രം സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 96 ഹൈന്ദവ തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിച്ചതായി പാകിസ്ഥാന്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ക്ഷേത്രം സന്ദര്‍ശിക്കാം.
Read Also:കിടിലൻ ഫീച്ചറുമായി സാംസംഗിന്റെ മറ്റൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്, വില അറിയാം
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചക്വാള്‍ ജില്ലയിലാണ് പല ക്ഷേത്രങ്ങളുടെ സമുച്ചയമായ ശ്രീ കടാസ് രാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്. ‘കടാക്ഷ’ എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് ‘കടാസ്’ എന്ന പേര് രൂപം കൊണ്ടത്. ‘നിറഞ്ഞ കണ്ണുകള്‍’ എന്നാണ് ഇതിനര്‍ത്ഥം. തന്റെ പത്‌നിയായ സതീദേവിയുടെ മരണത്തെത്തുടര്‍ന്ന് അതീവ ദു:ഖത്തിലായ ശിവന്റെ കണ്ണുനീരീല്‍ നിന്നാണ് ഇവിടുത്തെ കുളം രൂപപ്പെട്ടത് എന്നാണ് വിശ്വാസം.
മഹാഭാരതത്തില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പാണ്ഡവ സഹോദരന്മാര്‍ വനവാസകാലത്ത് ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്ത് താമസിച്ചിരുന്നു എന്നാണ് പറയുന്നത്.
രാമന്‍, ഹനുമാന്‍, ശിവന്‍ എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ രണ്ടാമത്തെ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ സമുച്ചയത്തിലെ പല ക്ഷേത്രങ്ങളും കാശ്മീരി വാസ്തുവിദ്യ പ്രകാരം നിര്‍മിച്ചതാണെന്നും 11-ാം നൂറ്റാണ്ടിലായിരുന്നു നിര്‍മാണമെന്നും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.
ഹൈന്ദവര്‍ക്കു പുറമേ, സിഖുകാര്‍ക്കും ഇവിടം പുണ്യസ്ഥലമാണ്. ഇവിടെ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഗുരുനാനാക്കിന്റെ വിശ്രമകേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്ന ഗുരുദ്വാരയുടെ അവശിഷ്ടങ്ങള്‍ ഉള്ളത്.
സാധാരണയായി വര്‍ഷത്തില്‍ രണ്ടു തവണയാണ് കടാസ് രാജ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം നടക്കുക. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശിവരാത്രി സമയത്തും നവംബര്‍, ഡിസംബര്‍ മാസങ്ങളിലുമാണ് അത്. വിഭജനത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് ഇന്ത്യയിലെ ഹിന്ദു തീര്‍ഥാടകര്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്.
തുടക്കത്തില്‍ ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം 20 തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ശ്രീ കടാസ് രാജ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിരുന്നുള്ളൂ. അത് പിന്നീട് 50 ആയും 100 ആയും 200 ആയും ഉയര്‍ന്നു.
Post Your Comments