ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ മർദിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ എതിർപ്പ് രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ സൈനികരെ കുറിച്ച് പറയുമ്പോൾ ‘പ്രഹരം’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. അത്തരം പദപ്രയോഗങ്ങൾ നടത്തുന്നത് ശരിയല്ലെന്നായിരുന്നു ജയശങ്കർ പാർലമെന്റിൽ സംസാരിക്കവെ വ്യക്തമാക്കിയത്.
അരുണാചൽ പ്രദേശിലെ ചൈനീസ് അതിക്രമത്തെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് ഇന്ത്യൻ സൈനികരെ ‘പ്രഹരിച്ചെ’ന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ‘രാഷ്ട്രീയ വിമർശനം ഉണ്ടായാലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ ഞങ്ങൾക്ക് പ്രശ്‌നങ്ങളില്ല. സ്വന്തം ധാരണ കൂടുതൽ ആഴത്തിലാക്കണമെന്ന് ചിലപ്പോഴൊക്കെ കേട്ടിട്ടുണ്ട്. ആരാണ് ഉപദേശം നൽകുന്നതെന്ന് കണ്ടാൽ തലകുനിച്ച് ബഹുമാനിക്കാനേ കഴിയൂ. നമ്മുടെ ജവാന്മാരെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കരുത്, നമ്മുടെ ജവാന്മാർ 13,000 അടി ഉയരത്തിൽ യാങ്‌സെയിൽ നിൽക്കുന്നു, നമ്മുടെ അതിർത്തി സംരക്ഷിച്ചു, അവർ ‘പ്രഹരം’ എന്ന വാക്കിന് അർഹരല്ല’, ജയശങ്കർ പറഞ്ഞു.
ചൈന ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടുന്നുവെന്നും മോദി ഭരണകൂടം ‘ഉറങ്ങുക’യാണെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ജയ്പുരിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ സൈന്യത്തെ മർദ്ദിച്ചെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് രാഹുൽ ഗാന്ധിയെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments