ബിസിനസ് രംഗത്ത് പുതിയ ഏറ്റെടുക്കൽ നടപടിയുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ തേയില നിർമ്മാണ കമ്പനിയായ ഗിർനാർ ഫുഡ് ആൻഡ് ബിവറേജസിനെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം 1,000 കോടി രൂപ മുതൽ 1,500 കോടി രൂപ വരെ മൂല്യമുള്ള കമ്പനിയാണ് ഗിർനാർ. അതേസമയം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങൾ ടാറ്റ ഗ്രൂപ്പ് നടത്തിയിട്ടില്ല.
ടാറ്റയ്ക്ക് പുറമേ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ അടക്കമുള്ള കമ്പനികൾ ഗിർനാറിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും, ഡാബർ അവ നിഷേധിച്ചിട്ടുണ്ട്. ഗിർനാർ ഉൽപ്പന്നങ്ങളുടെ 40 ശതമാനം മുതൽ 45 ശതമാനത്തോളം വിൽപ്പന നടക്കുന്നത് ആഭ്യന്തര വിപണിയിലാണ്.
പത്തിലധികം രാജ്യങ്ങളിലേക്കാണ് ഗിർനാർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. റഷ്യയാണ് ഗിർനാറിന്റെ പ്രധാന വിപണി. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗിർനാർ 1987- ലാണ് പ്രവർത്തനമാരംഭിച്ചത്.
Post Your Comments