കൊച്ചി: ഐപിഎല്‍ താരലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണിന് മുന്നോടിയായി മെഗാ ലേലമാണ് നടന്നത്. അതുകൊണ്ട് തന്നെ ഇത്തവണ മിനി താരലേലമാവും നടക്കുക. 991 താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ 405 പേരുടെ ചുരുക്കപ്പട്ടികയാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ ഈ മാസം 23നാണ് ലേലം നടക്കുന്നത്. ഇത്തവണയും വമ്പന്‍ പ്രതിഫലം വാങ്ങാന്‍ കഴിവുള്ള താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും നിലവില്‍ ഏതെങ്കിലുമൊരു ടീമിന്റെ ഭാഗമായി ടൂര്‍ണമെന്റിലുണ്ട്. അതുകൊണ്ട് തന്നെ ചുരുക്കം ചില സൂപ്പര്‍ താരങ്ങളാണ് ഇത്തവണ മിനി ലേലത്തിലുള്ളത്. പാകിസ്താന്‍ താരങ്ങള്‍ക്ക് മാത്രം ഐപിഎല്ലില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. ലേലത്തിലേക്കെത്തിപ്പെട്ടിരുന്നെങ്കില്‍ വമ്പന്‍ പ്രതിഫലം നേടാന്‍ സാധ്യതയുള്ള അഞ്ച് പാക് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ഷഹീന്‍ അഫ്രീദി- പാകിസ്താന്റെ സൂപ്പര്‍ പേസറാണ് ഷഹീന്‍ അഫ്രീദി. ഇടം കൈയന്‍ പേസര്‍ അവസാന രണ്ട് ടി20 ലോകകപ്പുകളിലൂടെത്തന്നെ എല്ലാവരെയും ഞെട്ടിച്ചതാണ്. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിയുന്ന ഷഹീന്‍ ആദ്യ ഓവറുകളില്‍ത്തന്നെ വിക്കറ്റ് നേടാന്‍ മിടുക്കന്‍.
ഷദാബ് ഖാന്‍ – പാകിസ്താന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് ഷദാബ് ഖാന്‍. ലേലത്തിലേക്കെത്തിയാല്‍ കോടികള്‍ പ്രതിഫലം വാങ്ങാന്‍ ഷദാബിനാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിവുണ്ട്.
ഹാരിസ് റഊഫ് – ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ഹാരിസ് റഊഫ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ ഹാരിസ് റഊഫിന് സാധിക്കും. മധ്യ ഓവറുകളിലാണ് ഹാരിസ് കൂടുതല്‍ അപകടകാരി. അവസാന രണ്ട് ടി20 ലോകകപ്പിലും ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഹാരിസിന് സാധിച്ചു.
നസീം ഷാ – പാകിസ്താന്റെ യുവ പേസ് ബൗളറാണ് നസീം ഷാ. നല്ല വേഗമുള്ള ബൗളറെന്ന നിലയില്‍ ഇതിനോടകം നസീം ഷാ പേരെടുത്തുകഴിഞ്ഞു. പ്രായം 19 മാത്രമാണെങ്കിലും ഗംഭീര റെക്കോഡുകള്‍ ഇതിനോടകം നസീം സ്വന്തമാക്കി കഴിഞ്ഞു.
മുഹമ്മദ് ഹാരിസ് – പാകിസ്താന്റെ മുഹമ്മദ് ഹാരിസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ്. ക്രീസിലെത്തി അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്നതാണ് ഹാരിസിന്റെ ലക്ഷ്യം. അവസാന ടി20 ലോകകപ്പില്‍ ഹാരിസ് തന്റെ മികവ് കാട്ടിയതാണ്.
Post Your Comments