മാധ്യമപ്രവർത്തകൻ കെ വി മധു ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു. 22 വർഷമായി മാധ്യമ രംഗത്ത് സജീവമായി നിന്ന കെ വി മധു ചിത്രം വിചിത്രം, ഡെമോക്രസി തുടങ്ങിയ പരിപാടികളിലൂടെ പ്രേക്ഷക പ്രീതി നേടി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കെ വി മധു ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ച കാര്യം അറിയിച്ചത്.
കുറിപ്പ് പൂർണ്ണ രൂപം
പ്രിയരേ,
ജീവിതം മുന്നോട്ട് മാത്രം സഞ്ചരിക്കുന്ന
ഒരുപ്രത്യേക പരിപാടിയാണെന്നറിയാമല്ലോ.
ഓരോ ഇടങ്ങളും പുതിയ മുന്നേറ്റങ്ങളുടെ തുടക്കമെന്നാണ് അതെന്നെ പഠിപ്പിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള ഇടങ്ങളില്‍ നിന്ന് ആവശ്യമായ സമയത്ത് പിന്‍വാങ്ങേണ്ടത് മുന്നോട്ടുള്ള
പോക്കിന് അനിവാര്യമാണ്.
മാധ്യമത്തൊഴില്‍ തുടങ്ങിയിട്ട് 22 വര്‍ഷമായി. ഇക്കാലത്തിനിടയ്ക്ക് നിരവധിയിടങ്ങളില്‍ തങ്ങി. അനിവാര്യമായപ്പോഴൊക്കെ പിന്‍വാങ്ങി. ആറുവര്‍ഷം കടന്ന ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഈ അനിവാര്യഘട്ടത്തില്‍ ഞാന്‍ പിന്‍വാങ്ങുകയാണ്.
ഏഷ്യാനെറ്റില്‍ അഞ്ചുവര്‍ഷം നീണ്ട സറ്റയര്‍ ജീവിതത്തില്‍ (ജീവിതം തന്നെ ഒരു സറ്റയറാണല്ലോ) ഏറ്റവും സന്തോഷം പ്രിയപ്പെട്ടവരേ നിങ്ങള്‍ തന്നെ സ്‌നേഹമാണ്.
ഡെമോക്രെയ്‌സിയില്‍ തുടങ്ങി 9 വര്‍ഷത്തോളമായി ഈ പരിപാടി എന്നെ പിടികൂടിയിട്ട്. പിന്നീടത് ചിത്രം വിചിത്രത്തിലും തുടര്‍ന്നു.
മലയാളം ടെലിവിഷനില്‍ മാത്രം കാണപ്പെടുന്ന ഈ പ്രത്യേക കലാരൂപത്തിലേക്കുള്ള പ്രവേശനം തുടക്കകാലത്ത് പല പ്രതിസന്ധികളും നേരിട്ടു. പ്രത്യേകിച്ചും പ്രതിദിനപരിപാടിയെന്ന നിലയില്‍. എന്നാലും പിന്നീടത് രസകരമായ അനുഭവമായി. ആസ്വാദ്യതയോടെ ചെയ്യുന്ന പണിയായി. ഇപ്പോഴും കണ്ടാല്‍ ‘നിങ്ങള്‍ ആ ഡെമോക്രെയ്‌സി ചെയ്യുന്ന മധുവല്ലേ’ എന്ന ചോദ്യം കേള്‍ക്കുമ്പോഴുള്ള സന്തോഷം വല്ലാത്തൊരു ഊര്‍ജമാണ്. അതോടൊപ്പം മാധ്യമത്തൊഴില്‍ പലപ്പോഴും നല്ല സന്തോഷം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിംഗിലും ഡസ്‌കിലുമെല്ലാം പലതലത്തിലുള്ള അനുഭവങ്ങളായിരുന്നു.
മംഗളം പത്രത്തിലെ കോട്ടയം ഡസ്‌കില്‍ തുടങ്ങിയ തൊഴിലാണ്. പിന്നിട്ടകാലത്ത് നിരവധിയിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു.
മംഗളം,
ദേശാഭിമാനി,
ദീപിക,
കേരളകൗമുദി,
എക്‌സ്‌ക്ലൂസീവ്,
മറുനാടന്‍ മലയാളി
സിറാജ്
റിപ്പോര്‍ട്ടര്‍
ഏഷ്യാനെറ്റ് ന്യൂസ്
ഇതാണ് ഇതുവരെയുള്ള മാധ്യമത്തൊഴിലിന്റെ ചക്രം. ഇടയ്ക്ക് പതിഞ്ഞ ഉച്ചപ്പത്രം സ്‌പെഷ്യലിസ്റ്റ് എന്ന ലേബലും കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ (രാഷ്ട്രദീപിക, ഫ്‌ളാഷ്) മോശമല്ലാതെ കൊണ്ടുനടന്നു.
പത്രവിതരണമായും നിര്‍മാണത്തൊഴിലായും ഡയരക്ട് മാര്‍ക്കറ്റിംഗായും പുസ്തകവില്‍പ്പനയായും അധ്യാപനമായും കുറച്ചധികം പണി ഇക്കാലത്തിനിടയ്ക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്. ഏത് തൊഴിലിലും ഉറപ്പിച്ചുപറയാവുന്നതും എന്നും മനസ്സില്‍ കൊണ്ടുനടക്കുന്നതുമായ തത്വം, എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെ തത്വമാണ്.
നിങ്ങള്‍ നിങ്ങളുടെ മുതലാളിയെ അല്ല, തൊഴിലിനെയാണ് സ്‌നേഹിക്കേണ്ടത് എന്ന തത്വം.
അത് കൃത്യമായി പാലിക്കാന്‍ ശ്രമിച്ചു എന്നതാണ് ഉറപ്പിച്ചുപറയാവുന്ന കാര്യം.
മംഗളത്തിലും ഏഷ്യാനെറ്റ് ന്യൂസിലും ഏതൊരു സ്ഥാപനത്തിലും ഒരേ ഗൗരവത്തില്‍
പണിയെടുക്കാന്‍ കഴിഞ്ഞു.
ഇനിയങ്ങോട്ടും അങ്ങനെയാകാനാണ് ആഗ്രഹം.
എന്റെ കാഴ്ചയില്‍
തൊഴില്‍, ജീവിക്കാന്‍ വേണ്ടിയുള്ളതാണ്.
തൊഴില്‍ ചെയ്യാന്‍ വേണ്ടിയുള്ളതല്ല ജീവിതം.
എന്നാലും കൂടുതല്‍ കാലം തുടരുന്ന മാധ്യമത്തൊഴില്‍ സന്തോഷവും കനമേറിയ ചുമടുമായി ഒരേ സമയം അനുഭവപ്പെടാറുണ്ട്. ആ ചുമടിന് അര്‍ത്ഥം നല്‍കിയത് പ്രിയപ്പെട്ടവരുടെ സ്‌നേഹമാണ്.
തൊഴിലിലും വ്യക്തിജീവിതത്തിലും എപ്പോഴും മനുഷ്യരോടടുത്ത് നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും അത് തുടാനുള്ള മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത്. ആ തുടര്‍ച്ചയില്‍ സ്‌നേഹപൂര്‍വ്വം മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് പ്രത്യാശ.
പറഞ്ഞുവന്നത് ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു. തുടര്‍ന്നും എല്ലാവരുടെയും സ്‌നേഹം
ഉണ്ടാകണം എന്നാണ്.
എല്ലാവര്‍ക്കും നന്ദി.
Post Your Comments