കൊച്ചി: ഏഷ്യാനെറ്റിന്റെ വിവാദ വാർത്താ റിപ്പോർട്ടിങ്ങിൽ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി. റിപ്പോർട്ടിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെ, എസ്.എഫ്.ഐ പ്രവർത്തകർ ചാനൽ ഓഫീസിലേക്ക് ഇടിച്ചുകയറി ഗുണ്ടായിസം കാണിച്ചിരുന്നു. സംഭവത്തിൽ ഏഷ്യാനെറ്റിനെയും സി.പി.എമ്മിനെയും വിമർശിക്കുകയാണ് ഹരീഷ്. ഏഷ്യാനെറ്റ് ന്യൂസും സി.പി.എമ്മും പരിധിവിട്ട് ഏറ്റുമുട്ടുകയാണെന്ന് ഹരീഷ് ചൂണ്ടിക്കാട്ടുന്നു.
‘നടന്ന ഒരു സംഭവത്തെപ്പറ്റിയുള്ള വാർത്ത അപ്പടി റിപ്പോർട്ട് ചെയ്യുന്നതിന് പകരം നാടകീയത കൂട്ടാനെന്ന പേരിൽ, നേരത്തേ സംപ്രേഷണം ചെയ്തൊരു വാർത്തയുടെ സൗണ്ട് ബൈറ്റ് മാനിപ്പുലേറ്റ് ചെയ്തു, ഒരു കുട്ടിയെ അഭിനയിപ്പിച്ചു ഡ്രാമ നിർമ്മിച്ച് അത് സത്യമെന്ന മട്ടിൽ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചു സംപ്രേഷണം ചെയ്യുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു റിപ്പോർട്ടർ. അയാളും ചാനലും ചെയ്തത് പ്രേക്ഷകരോടുള്ള വിശ്വാസവഞ്ചനയാണ്’, ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
CPIM ഉം ഏഷ്യാനെറ്റ് ന്യൂസും ജനാധിപത്യത്തിലെ രണ്ട് അധികാര കേന്ദ്രങ്ങളാണ്. രണ്ടുപേരും തമ്മിൽ അവരവരുടെ പരിധി വിട്ട് ഏറ്റുമുട്ടുകയാണ്. രണ്ടു ചേരിയിലും പെടാത്തൊരു ജനാധിപത്യ വിശ്വാസിക്ക് ഇതിലെന്താണ് കാര്യം?
ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗത്തെ തെറ്റ്
———————————–
നടന്ന ഒരു സംഭവത്തെപ്പറ്റിയുള്ള വാർത്ത അപ്പടി റിപ്പോർട്ട് ചെയ്യുന്നതിന് പകരം നാടകീയത കൂട്ടാനെന്ന പേരിൽ, നേരത്തേ സംപ്രേഷണം ചെയ്തൊരു വാർത്തയുടെ സൗണ്ട് ബൈറ്റ് മാനിപ്പുലേറ്റ് ചെയ്തു, ഒരു കുട്ടിയെ അഭിനയിപ്പിച്ചു ഡ്രാമ നിർമ്മിച്ച് അത് സത്യമെന്ന മട്ടിൽ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചു സംപ്രേഷണം ചെയ്യുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു റിപ്പോർട്ടർ. അയാളും ചാനലും ചെയ്തത് പ്രേക്ഷകരോടുള്ള വിശ്വാസവഞ്ചനയാണ്. പോക്സോ കേസൊന്നും ആത്യന്തികമായി നിൽക്കുമെന്നു തോന്നുന്നില്ല. കേബിൾ TV നിയമത്തിന്റെ ലംഘനത്തിന് കേസെടുക്കാം. കേസല്ല വിഷയം.
വിഷ്വൽ ജേണലിസമെന്നാൽ യഥാർത്ഥ സംഭവങ്ങളെ വെച്ചുള്ള ഹ്രസ്വ സിനിമപിടിക്കലാണ് എന്ന് തെറ്റായി മനസിലാക്കുന്ന ആധുനികമാധ്യമ സംസ്കാരത്തിന്റെ അങ്ങേയറ്റത്തെ wrong മോഡലാണ് ആ ഡ്രാമ. ചാനലിന്റെ രണ്ടുപതിറ്റാണ്ട് കൊണ്ടുണ്ടാക്കിയ വിശ്വാസ്യത നശിപ്പിച്ച ആ റിപ്പോർട്ടറെയും റിപ്പോർട്ടിനെയും തള്ളിപ്പറയുന്നതിനു പകരം, പറ്റിയ തെറ്റിനെ പേർത്തും പേർത്തും ഗോത്രീയ സ്വഭാവത്തോടെ ന്യായീകരിക്കുന്ന രീതി ചാനലിന് ഒട്ടും ഗുണമാവില്ല. കാണുന്ന ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും വിശ്വാസ്യതയാണ് ഒരു ദൃശ്യമാധ്യമത്തിനു ഏറ്റവും പ്രധാനം. ഇത് ചാനൽമുറിയിൽ ഉണ്ടാക്കി എടുക്കുന്നതാണ് എന്നുവന്നാൽ ഇരുന്നിടം കുഴിക്കലാണ്. ഈ വിവാദത്തിലെ ആത്യന്തിക നഷ്ടം ചാനലിനാണ് എന്നതിന്റെ മാനേജ്‌മെന്റ് തിരിച്ചറിയുന്നുണ്ടോ ആവോ?
സ്വതന്ത്രമാധ്യമപ്രവർത്തനത്തെ അധികാരമോ മസിൽ പവറോ ഉപയോഗിച്ച് തകർക്കാൻ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നൊരു കാലമാണ്. ജനാധിപത്യ ധാർമ്മികത ഉയർത്തിപ്പിടിക്കൽ മാത്രമാണ് പ്രതിരോധം. സംഘടനാ ബലം കൊണ്ടോ സ്ഥിരം സാംസ്‌കാരിക നായകരുടെ പിന്തുണ കൊണ്ടോ ഇനിയുള്ള കാലം കാര്യമില്ലെന്ന് വക്കീലന്മാരുമായുള്ള തല്ലിൽ നിന്ന് ഇതിനകം കേരളത്തിലെ മാധ്യമങ്ങൾ മനസിലാക്കികാണുമല്ലോ. മാധ്യമപ്രവർത്തനത്തിന്റെ പേരിൽ കിട്ടുന്ന അധികാരം ലംഘിക്കാനും ദുരുപയോഗിക്കാനും തീരുമാനിക്കുന്ന ഓരോ തവണയും ഒരാൾ / ചാനൽ അത്തരം ജനാധിപത്യവിരുദ്ധ ആശയത്തിന് സമൂഹത്തിൽ പിന്തുണ നൽകുകയാണ്. ഏഷ്യാനെറ്റിന് മാത്രമല്ല മാധ്യമപ്രവർത്തനത്തിനാകെ ഇത്തരം fake റിപ്പോർട്ടറിങ് ദോഷമാണ്. KUWJ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം. അഴകൊഴമ്പൻ നിലപാട് പോരാ. പ്രേക്ഷകരോട് തെറ്റ് സമ്മതിക്കണം.
CPIM ചെയ്ത തെറ്റ്
——————
തെറ്റായ വാർത്ത കൊടുക്കുന്ന സ്ഥാപനത്തിനെതിരെയും വ്യക്തികൾക്കെതിരെയും പ്രവർത്തിക്കാൻ ഇവിടെയൊരു നിയമമുണ്ട്, സർക്കാർ സംവിധാനമുണ്ട്. അതിൽ വിശ്വാസമില്ലാത്ത ഗുണ്ടാപ്പട മാത്രമാണ് നിയമം കയ്യിലെടുത്ത് പെരുമാറുക. ഏഷ്യാനെറ്റിന്റെ ഓഫീസിനു മുന്നിലുള്ള പൊതുനിരത്തിൽ പോയി പ്രതികരിക്കുന്നത് തികച്ചും ജനാധിപത്യപരമാണ്. അവരുടെ ഓഫീസിൽ അതിക്രമിച്ചു കയറുന്നതും ബാനർപതിക്കുന്നതും ഗുണ്ടായിസമാണ്. ആരെയും ഫിസിക്കലി തല്ലണം എന്നില്ല, പ്രൈവറ്റ് സ്‌പേസിലേക്ക് അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കുന്നത് മർദ്ദനത്തിന്റെ ആദ്യപടിയാണ്. സാംസ്‌കാരിക ഫാസിസത്തിന്റെ ആദ്യപടിയാണ് സ്റ്റേറ്റിന്റെ റോൾ ഏറ്റെടുത്ത് സ്വയം വിധി നടപ്പാക്കുക എന്നത്. മാപ്രാകളെ മുന്നിൽക്കണ്ടാൽ തല്ലണം എന്ന ആഹ്വാനം സോഷ്യൽ മീഡിയയിൽ വന്നുകഴിഞ്ഞു.
ദേശാഭിമാനിയിലെ എല്ലാ വസ്തുതാവിരുദ്ധ വാർത്തയ്ക്കും ABVP ദേശാഭിമാനി ഓഫീസിനുള്ളിൽ കയറി ബോർഡ് വെച്ചാലോ?? പിണറായി വിജയൻ ഉൾപ്പെട്ട മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങളോട് വിയോജിപ്പുള്ളവരെല്ലാം മസിൽപവർ ഉപയോഗിച്ച് പോലീസ് ബന്തവസ് മറികടന്നു ക്ലിഫ്ഹൌസിലേക്ക് അതിക്രമിച്ചുകയറി അതിനുള്ളിൽ പ്രതിഷേധിക്കുന്ന പണി തുടങ്ങിയാലോ? ഈ ന്യായീകരണങ്ങൾ അപ്പോഴും കാണുമോ?
ക്ലിഫ്ഹൌസിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ച KUWJ യുടെ പഴയസമരത്തോട് ഇതിനെ equate ചെയ്തുള്ള ഹര്ഷന്റെയും ഷാഹിനയുടെയും പോസ്റ്റുകൾ കണ്ടു. സ്നേഹപൂർവ്വം വിയോജിക്കുന്നു. It is incomparable. സ്റ്റേറ്റ് അധികാരം ഉപയോഗിച്ച് തെറ്റ് ചെയ്യുമ്പോൾ നിയമലംഘനം സമരമാർഗ്ഗമോ പ്രതിരോധമോ ആകുന്നത് പോലെയല്ല സ്റ്റേറ്റിതര എന്റിറ്റിയോടുള്ള പ്രതിഷേധം. കുഞ്ഞാലിക്കുട്ടിയായിരുന്നു അന്ന് ഭരണകൂടം.
വക്കവും ഉമ്മൻചാണ്ടിയും ഉൾപ്പെട്ട ഭരണകൂടം സ്റ്റേറ്റിന്റെ ഉപകരണങ്ങളെ അന്ന് തെറ്റുകാരനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. നിയമംലംഘിച്ചു പ്രതിഷേധിക്കാതെ ഇരകൾക്ക് മാർഗ്ഗമില്ല. ഇവിടെ സ്റ്റേറ്റ് ഏഷ്യാനെറ്റിനേക്കാൾ എത്രയോ പവർഫുൾ ആണ്. നിയമസഭയിൽ സ്റ്റേറ്റിന്റെ അധിപൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയ്തി പോലീസ് അന്വേഷിക്കുമെന്ന് നിലപാട് വ്യക്തമാക്കിയിരിക്കെ, മസിൽ പവർ ഉപയോഗിച്ച് പരിധി കടക്കുന്നത് പ്രതിരോധത്തിന്റെയോ പ്രതിഷേധത്തിന്റെയോ പരിധിയിൽ വരുന്നില്ല എന്നാണെന്റെ പക്ഷം.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും എന്ന സ്റ്റേറ്റിന്റെ നിലപാടിൽ, ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് പോലുംവിശ്വാസമില്ലെന്നാണ് പരിധി ലംഘിച്ചുള്ള ആ സമരരൂപത്തിന്റെ അർഥം. അതിന്റെ ശരിതെറ്റുകൾ പരിശോധിക്കുമെന്ന CPIM സെക്രട്ടറി ശ്രീ.ഗോവിന്ദൻ മാഷുടെ നിലപാട് നല്ലത് തന്നെ. പക്ഷെ അത് പോരാ, പ്രതിഷേധങ്ങളുടെ പരിധി കടക്കുന്നത് ആരായാലും അംഗീകരിക്കില്ലെന്ന് നിലപാട് സ്വീകരിക്കണം. പോരാ, ഇത്തരം തെറ്റുകൾക്ക് അർഹമായ ശിക്ഷ നൽകുമെന്ന് സ്റ്റേറ്റ് ഉറപ്പാക്കണം. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിന്റെ ഉത്തരവാദിത്തം നടപ്പാക്കുമെന്നും അതുവഴി നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിർത്തുമെന്നും CPIM ഉറപ്പാക്കണം. ഇല്ലെങ്കിൽ ജനം ചേരി തിരിഞ്ഞു തല്ലിത്തീർത്തു നീതി ഉണ്ടാക്കുന്ന കാലം വരും, ജനാധിപത്യത്തിന്റെ മരണമാണ് അത്.
ഒരുഭാഗം മാത്രം കാണുന്ന ചില സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പിൽ വിശ്വാസമില്ലച്ചോ. നിലപാട് പറയുന്നതിന്റെ പേരിൽ നഷ്ടപ്പെടുന്ന വല്ല ചാൻസും സൗഹൃദവും ഉണ്ടെങ്കിൽ അത് ഇല്ലാതെ ജീവിക്കാമെന്നാണ് തീരുമാനം, അന്നും ഇന്നും.
അഡ്വ ഹരീഷ് വാസുദേവൻ.
Post Your Comments