കൊല്ലം: ശാസ്താംകോട്ടയിൽ യുവാവ് ആത്മഹത്യ ചെയ്തത് ജോലി തട്ടിപ്പിന് ഇരയായതിലുള്ള മനോവിഷമം മൂലമാണെന്ന് കുടുംബത്തിന്റെ ആരോപണം. ജോലി നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശി രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് കുടുംബം പറയുന്നു. ഒന്നരക്കൊല്ലം മുമ്പ് സുഹൃത്തുവഴി പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഏജന്റ് ആണ് സിംഗപ്പൂർ എയര്‍പ്പോർട്ടിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തത്. ഏവിയേഷൻ യോഗ്യതയില്ലാത്ത കൃഷ്ണനുണ്ണിക്ക് ഏജന്‍റ് തന്നെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് നൽകി. പല തവണകളായി 2,30,000 രൂപ കൊടുത്തു. ഏജന്‍റിന്‍റെ ആവശ്യപ്രകാരം തിരുവനന്തപുരത്തും ബെംഗളൂരുവിലും ഇന്‍റര്‍വ്യൂന് പോയി. പക്ഷേ ജോലി മാത്രം കിട്ടിയില്ല. ഇതോടെ യുവാവ് മാനസികമായി തകര്‍ന്നുവെന്നാണ് കുടുംബം പറയുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് കൃഷ്ണനുണ്ണി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
എന്നാൽ കുടുംബത്തിന്‍റെ ആരോപണം ശരിയല്ലെന്നാണ് ഏജന്‍റിന്‍റെ വിശദീകരണം. ജനുവരിക്കുള്ളിൽ ജോലി നൽകാമെന്ന് ഉറപ്പ് നൽകിയതാണെന്നും വഞ്ചിച്ചിട്ടില്ലെന്നുമാണ് ഏജന്‍റിന്‍റെ വാദം.
കൃഷ്ണനുണ്ണിക്ക് ജോലി കിട്ടിയില്ലായിരുന്നുവെങ്കിൽ പണം മുഴുവൻ തിരികെ നൽകുമായിരുന്നുവെന്നും ഏജന്‍റ് അവകാശപ്പെടുന്നു. എന്നാൽ, വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതിനെപ്പറ്റി ഏജന്‍റ് വ്യക്തമായ മറുപടിയും നൽകുന്നില്ല.
Post Your Comments