
തിരുവനന്തപുരം: വർക്കല അയിരൂരിൽ കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരിമാഫിയ ആക്രമിച്ചെന്ന പരാതി യഥാർഥമാണോയെന്ന് പരിശോധിക്കാന്‍ പൊലീസ്. ആക്രമിക്കപ്പെട്ട ശേഷം കുട്ടി പറഞ്ഞ കഥയോ രക്ഷിതാവ് വളച്ചൊടിച്ചതോ ആകാമെന്നാണ് സംശയം. എന്നാൽ പൊലീസിന്റെ അനുമാനങ്ങൾ തള്ളിയ പതിനഞ്ചുകാന്റെ അച്ഛൻ നീതിതേടി ബാലാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്ന് അറിയിച്ചു.
പരാതി നൽകിയ പതിനഞ്ചുകാരന് മർദനമേറ്റു എന്നത് പൊലീസ് ശരിവെക്കുന്നു, എങ്കിലും കഞ്ചാവ് വലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികൾ തമ്മിൽ ഇരട്ടപ്പേര് വിളിച്ച് അടിയുണ്ടായി. പിന്നാലെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കൾ എത്തി തിരിച്ചടിച്ചു. ആക്രമണത്തിന് പിന്നാലെ കുട്ടി പറഞ്ഞ കഥയാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഇരുകൂട്ടർക്കുമെതിരെ പരാതികളിൽ കേസെടുത്തിട്ടുണ്ട്. ഇരുപക്ഷത്തെയും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ പൊലീസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് ആണ് കുട്ടിയുടെ അച്ഛൻ ഇപ്പോഴും പറയുന്നത്.
Post Your Comments