Life StyleHealth & Fitness

ഫാറ്റി ലിവര്‍ മദ്യപാനികള്‍ക്ക് മാത്രം വരുന്നതല്ല, രണ്ട് തരം ഫാറ്റിലിവര്‍ അസുഖമുണ്ട് : കൂടുതല്‍ അറിയാം

രണ്ട് തരത്തില്‍ ഫാറ്റി ലിവറുണ്ട്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍

 

നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരള്‍ പല പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്. രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നതടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് കരളാണ്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണ്.

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ് അഥവാ സ്റ്റിയാറ്റോസിസ്. ഈ രോഗവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ പൊതുവേയുണ്ട്. രോഗം കൃത്യമായി തിരിച്ചറിയാനും ചികിത്സിക്കാനും ഇക്കാര്യങ്ങില്‍ വ്യക്തത നേടണം. രണ്ട് തരത്തില്‍ ഫാറ്റി ലിവറുണ്ട്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പേര് സൂചിപ്പിക്കുന്നതു പോലെതന്നെ പൊതുവേ മദ്യപാനികളില്‍ കണ്ടു വരുന്നതാണ്.

മദ്യപാനികളുടെ രോഗം

ഫാറ്റി ലിവര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മദ്യപാനികള്‍ക്ക് വരുന്ന രോഗമെന്നാണ് പൊതുവിലുള്ള ധാരണം. എന്നാല്‍ ഇത് തെറ്റാണ് മദ്യപാനികള്‍ക്ക് മാത്രം വരുന്ന അത്ര അപൂര്‍വമായ രോഗമല്ല ഫാറ്റി ലിവര്‍. സ്ത്രീകളും യുവാക്കളും അടക്കമുള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ സ്ഥിരീകരിക്കുന്നതിന്റെ സംഖ്യ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. കുട്ടികളിലും ഫാറ്റി ലിവര്‍ ആശങ്കപ്പെടുത്തുന്ന തോതില്‍ വര്‍ദ്ധിക്കുന്നുണ്ട്. കരള്‍ മാറ്റി വയ്ക്കലിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള രോഗം നഗരപ്രദേശങ്ങളില്‍ ഉള്ളവരിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗികള്‍ പൊണ്ണത്തടിയുള്ളവര്‍

പൊണ്ണത്തടിയുള്ള ആളുകള്‍ക്കാണ് ഫാറ്റി ലിവര്‍ ഉള്ളതെന്ന ധാരണയും തെറ്റാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിതരില്‍ വെറും 34 ശതമാനം പേര്‍ മാത്രമാണ് പൊണ്ണത്തടിയുള്ളവര്‍. ബാക്കി വലിയൊരു ശതമാനവും സാധാരണ ഭാരമുള്ളവരാണ്.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറുകാര്‍ക്ക് മദ്യപിക്കാം

ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ മദ്യപാനം മൂലമുണ്ടാകുന്ന രോഗമാണ്. പക്ഷെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ സ്ഥിരീകരിക്കുന്നവരോടും മദ്യപാനം പൂര്‍ണമായോ ഏറെക്കുറെയോ ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്. മദ്യപാനത്തിനു പുറമേ പുകവലിയും ഉപേക്ഷിക്കണം. സന്തുലിതമായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ഉറപ്പുവരുത്താനാണ് ശ്രദ്ധിക്കേണ്ടത്.

ഭാരം കുറയ്ക്കുന്നതാണ് ചികിത്സ

ശരീരഭാരം ഏഴ് മുതല്‍ 10 ശതമാനം വരെ കുറച്ചാല്‍ കരളിലെ കൊഴുപ്പ് ക്രമേണ കുറയുമെന്നത് ശരിയാണ്. പക്ഷെ ഇതുമാത്രമല്ല ഫാറ്റി ലിവറിനുള്ള ചികിത്സ. ശസ്ത്രക്രിയ, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിങ്ങനെ ഓരോ രോഗിയുടെയും അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സ ക്രമീകരിക്കുന്നത്. ദിവസവും വ്യായാമം ചെയ്യുന്നതും അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുന്നതും ചികിത്സയില്‍ പ്രധാനമാണ്.

ലക്ഷണങ്ങള്‍ വയര്‍വേദനയും കണ്ണിലെ മഞ്ഞപ്പും

ഫാറ്റി ലിവര്‍ രോഗം ശരീരത്തില്‍ ക്രമേണ പുരോഗമിക്കുന്ന ഒന്നാണ്. അസുഖമുള്ള പലരിലും തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടണമെന്നില്ല. തലകറക്കം, മനംമറിച്ചില്‍, വയറിന്റെ വലതു ഭാഗത്തു വേദന പോലുള്ള ബുദ്ധിമുട്ടുകളും ഫാറ്റി ലിവര്‍ മൂലം അനുഭവപ്പെട്ടേക്കാം. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് കൊണ്ട് മാത്രം എല്ലാ ഫാറ്റി ലിവര്‍ കേസുകളും കണ്ടെത്താനായെന്നും വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ അള്‍ട്രാസൗണ്ട് പരിശോധന, ലിവര്‍ ബയോപ്‌സി, ഹെപാറ്റിക് ഇലാസ്റ്റോഗ്രാഫി പോലുള്ള പരിശോധനകള്‍ നടത്തേണ്ടി വരും.

കരളിന്റെ മാത്രം രോഗം

ശരിയാണ് ഫാറ്റി ലിവര്‍ എന്നാല്‍ കരളിനെ ബാധിക്കുന്ന രോഗമാണ്, പക്ഷെ ഇത് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദ്രോഗം, വൃക്കരോഗം എന്നിങ്ങനെ പലതുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുപുറമേ കുടലിലെ പ്രശ്‌നങ്ങള്‍, ഓസ്റ്റിയോപോറോസിസ്, സോറിയാസിസ്, സ്ലീപ് അപ്നിയ, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം പോലുള്ള ഹോര്‍മോണല്‍ പ്രശ്‌നങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button