
ചവറ: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരനായ ചവറ മേക്കാട് റോസ് കോട്ടേജിൽ ജെറോം ഫെർണാണ്ടസ് (65)ആണ് മരിച്ചത്. ജെറോമിന്റെ ഒപ്പമുണ്ടായിരുന്ന മകൾ ജോസ്ഫിൻ (32), ജോസ്ഫിന്റെ മകൾ ജുവാൻ(ആറ്) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.45-ന് നീണ്ടകര ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. ഡോക്ടറെ കാണിക്കുവാൻ വേണ്ടി ജുവാനെയും കൊണ്ട് കൊല്ലത്തെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ജുവാന്റെ പരിക്ക് ഗുരുതരമാണ്.
Read Also : നൂതന പഠന രീതികളുമായി വേദിക് ഇ- സ്കൂൾ, ആദ്യ ഘട്ട പദ്ധതിയിൽ അംഗമായത് 100 സ്കൂളുകൾ
അപകടത്തിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട ജെറോം തൽക്ഷണം മരിയ്ക്കുകയായിരുന്നു. ജോസ്ഫിനും ജുവാനും റോഡിന്റെ കിഴക്കുഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ ത്രേസ്യ ജെറോം. മക്കൾ: ഡൈനീഷ്യസ് ജെറോം (ജിമ്മി). ജോസ്ഫിൻ. മരുമക്കൾ: സുബിൻ ബെൻസിഗർ, നിമ്മി ജിമ്മി. സംസ്കാരം ഇന്ന് രാവിലെ 10.30-ന് ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
Post Your Comments