പാറശാല: പാറശാല ഷാരോൺ വധക്കേസിൽ പൊലീസിനെ കുരുക്കിലാക്കി മുഖ്യ പ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മ രഹസ്യമൊഴി നല്‍കി. നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് ഗ്രീഷ്മ മൊഴി നൽകിയത്. കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നൽകിയിരുന്നതതായും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് മൊഴി നല്‍കിയത്.
രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴി.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഇപ്പോഴത്തെ മൊഴി ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.
പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തിയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
Post Your Comments