ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ പൊതുവിൽപ്പന നികുതി ബിൽ വ്യാഴാഴ്ച നിയമസഭ പാസാക്കി. ഗവർണർ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില കൂടും. പരമാവധി വില 20 രൂപയാണ് വർധിക്കുന്നത്.
മദ്യത്തിന് വലിയ രീതിയിൽ വില വർദ്ധനവ് ഉണ്ടാകുന്നില്ലെന്നാണ് മന്ത്രി എംബി രാജേഷ് പറഞ്ഞത്. ചില ബ്രാൻഡുകൾക്ക് വില വർധിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടുവർഷമായി നികുതി വർധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. നാലു ശതമാനം നികുതി കൂട്ടുമെങ്കിലും ഫലത്തിൽ വിലയിൽ രണ്ടു ശതമാനം മാത്രമേ കൂടുകയുള്ളൂ. വില കൂടുന്ന ഒൻപത് മദ്യ ബ്രാൻഡുകളിൽ എട്ട് എണ്ണത്തിനും 10 രൂപയാണ് കൂടുക. ഒരെണ്ണത്തിനാണ് 20 രൂപ കൂടുന്നത്.
ചില ബ്രാൻഡുകൾക്ക് വില കൂടില്ല – മന്ത്രി ബാലഗോപാൽ പറഞ്ഞു. നികുതി വർദ്ധനവ് വഴി ഒൻപത് ബ്രാൻഡ് മദ്യത്തിനാണ് വിലവ്യത്യാസമുണ്ടാകുന്നതെന്നും അത്ര വലിയ വർദ്ധനവ് പ്രകടമാകില്ല എന്നും പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
അതേസമയം, മദ്യ വിലവർദ്ധനവിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് അറിയിച്ചു. മദ്യക്കമ്പനികൾക്കായാണ് വിലവർദ്ധനവ് നടപ്പിലാക്കിയത് എന്നാണ് പ്രതിപക്ഷ ആരോപണം. സ്പിരിറ്റ് വില വർദ്ധന മൂലം വിൽപ്പന കുറഞ്ഞ വകയിൽ സംസ്ഥാന ഗജനാവിന് 15 ദിവസം കൊണ്ട് 80 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി . സർക്കാർ തീരുമാനിച്ച നികുതി വർദ്ധനവ് നടപ്പിലാക്കുന്നത് വഴി ജനുവരി ഒന്ന് മുതലാണ് മദ്യ ബ്രാൻഡുകൾക്ക് വില വർദ്ധനവ് ഉണ്ടാവുക.
Post Your Comments